കെഎം മാണിയുടെ നിര്യാണം നികത്താനാകാത്ത നഷ്ടം: പിണറായി വിജയന്‍
കെഎം മാണിയുടെ നിര്യാണം കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: കെഎം മാണിയുടെ നിര്യാണം കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കെഎം മാണിയുടെ നിര്യാണം മൂലം കേരള കോണ്‍ഗ്രസിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടായിട്ടുള്ളത്. പ്രഗത്ഭനായ നിയമസഭാ സമാജികനേയും കേരളത്തിന്‍റെ പ്രശ്നങ്ങള്‍ പഠിച്ച് അവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ രാഷ്ട്രീയ നേതാവിനെയുമാണ് നഷ്ടമായിട്ടുള്ളതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കക്ഷി രാഷ്ട്രീയത്തിനതീതമായി സഭയിലും പുറത്തും എല്ലവരുടെയും സ്നേഹാദരങ്ങള്‍ക്ക് പാത്രമായിരുന്നു അദ്ദേഹം. പുതിയ നിയമസഭാ സമാജികര്‍ക്ക് മാതൃകയാക്കേണ്ട ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിലുണ്ട്. കേരളത്തിന്‍റെ പൊതുതാല്‍പര്യങ്ങള്‍ വിശേഷിച്ച് കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള കോണ്‍ഗ്രസ് തലവന്‍ കെ.എം മാണി ഇന്നലെ വൈകുന്നേരം 4:57നാണ് നിര്യതനായത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നു മാണി.
കെ എം മാണിയുടെ മൃതദേഹം എറണാകുളത്തുനിന്നും വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും.പാർട്ടി ആസ്ഥാനത്തടക്കം നാലിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചശേഷം വൈകിട്ട് പാലായിലെ സ്വന്തം വസതിയില്‍ എത്തിക്കും. നാളെ ഉച്ചയ്ക്ക് 3ന് പാലാ സെന്‍റ് തോമസ് കത്തീഡ്രല്‍ പള്ളിയിലാണു സംസ്കാരം നടക്കുക.