നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് മന്ത്രിയെത്തി ഉറപ്പ് നൽകി; പിഴുതെറിഞ്ഞ കെ റെയിൽ സർവേകല്ലുകൾ പുന:സ്ഥാപിച്ച് ജനങ്ങൾ
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെയാണ് കല്ലുകൾ പിഴുതെറിഞ്ഞത്.
ആലപ്പുഴ: കെ റെയില്‍ സര്‍വേക്കെതിരായ പ്രതിഷേധത്തിനിടെ പിഴുതെറിഞ്ഞ സർവേകല്ലുകൾ പുന:സ്ഥാപിച്ച് നാട്ടുകാർ. ചെങ്ങന്നൂരിലാണ് പ്രതിഷേധത്തിനിടെ പിഴുതെറിഞ്ഞ കല്ലുകൾ നാട്ടുകാർ പുനസ്ഥാപിച്ചത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെയാണ് കല്ലുകൾ പിഴുതെറിഞ്ഞത്.
മന്ത്രി സജി ചെറിയാൻ സ്ഥലത്ത് നേരിട്ടെത്തി നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ വീണ്ടും കല്ല് സ്ഥാപിച്ചത്. ചെങ്ങന്നൂരിലെ 20 വീടുകൾ സന്ദർശിച്ച് മന്ത്രി കാര്യങ്ങൾ വിശദീകരിച്ചു. ചെങ്ങന്നൂരിലെ നാട്ടുകാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
കെ റെയിലുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം പ്രതിപക്ഷത്തിന് വിഴുങ്ങേണ്ടി വരും. ബോധപൂർവമായി തെറ്റായ പ്രചാരണങ്ങളാണ് നടത്തിയത്. വീടുകളിലെത്തി താമസക്കാരുടെ തെറ്റിദ്ധാരണ മാറ്റി. അവർ തന്നെ മുൻകൈയെടുത്താണ് കല്ലുകൾ പുന:സ്ഥാപിച്ചത്. ഇന്ത്യയിലെ പരമോന്നത നീതിപീഠം പറഞ്ഞ കാര്യങ്ങൾ പുറത്ത് വന്നതോടെ സമരക്കാർ പറഞ്ഞ മുഴുവൻ കാര്യങ്ങളും വിഴുങ്ങേണ്ടി വരുമെന്നും സജി ചെറിയാൻ പറഞ്ഞു.
എന്നാൽ മന്ത്രി നാട്ടുകാരെ ഭീഷണിപ്പെടുത്തിയെന്ന് സമരസമിതി നേതാവ് സിന്ധു ജെയിംസ് പറഞ്ഞു. ഒരാളെപ്പോലും സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ മന്ത്രിക്ക് സാധിച്ചിട്ടില്ല. തങ്ങൾക്ക് പകരം വീട് ഉറപ്പാക്കിയാൽ മാത്രമേ സമരത്തിൽ നിന്ന് പിന്മാറൂവെന്നും സിന്ധു ജെയിംസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...