K Rail Protest : കെ റെയിൽ കല്ലിടീലിനെതിരെ വ്യാപക പ്രതിഷേധം ; സെക്രട്ടേറിയറ്റിന് മുന്നിൽ കല്ലിടൽ നടത്തി യൂത്ത് കോൺഗ്രസ്
ബലം പ്രയോഗിച്ച് കല്ലിട്ടാൽ മന്ത്രി മന്ദിരങ്ങളിലും കല്ലുകൾ ഇടുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
Thiruvananthapuram : കെ റെയിൽ പദ്ധതിക്കായുള്ള കല്ലിടീലിനെതിരെ കേരളമാകെ വ്യാപക പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ കല്ലിടൽ നടത്തി. പൊലീസ് പ്രതിരോധം മറികടന്നാണ് ഗേറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് കല്ല് സ്ഥാപിച്ചത്. പൊലീസുകാരും പ്രതിഷേധക്കാരും തമ്മിൽ ഉന്തു തള്ളും ഉണ്ടായി. ബാരിക്കേഡിന് മുകളിൽ കയറിയും യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ബലം പ്രയോഗിച്ച് കല്ലിട്ടാൽ മന്ത്രി മന്ദിരങ്ങളിലും കല്ലുകൾ ഇടുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
കോട്ടയം സംക്രാന്തി കുഴിയാലിപ്പടിയിൽ ഉദ്യോഗസ്ഥർക്ക് നേരെ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. നാട്ടാശേരിയിലും പ്രതിഷേധം കനത്തു. കോഴിക്കോട് കല്ലായിയിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കല്ലിടാതെ ഉദ്യോഗസ്ഥർ മടങ്ങി. മീഞ്ചന്തയിലെ കല്ല് ബിജെപിക്കാരുടെ നേതൃത്വത്തിൽ പിഴുത് മാറ്റി. എറണാകുളം ചോറ്റാനിക്കരയിൽ അഞ്ച് കല്ലുകൾ കൂടി ഇന്ന് പിഴുത് മാറ്റി. മലപ്പുറം തിരുനാവായയിൽ കല്ലിടീൽ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു.
സിൽവർലൈൻ പ്രതിഷേധം കനക്കുന്നതിനിടെ ജാഗ്രതാ നിർദേശവുമായി ഡിജിപി രംഗത്ത് വന്നു. പൊലീസുകാർ ജാഗ്രതയോടെ പെരുമാറണമെന്ന് ഡിജിപി പറഞ്ഞു. സമരം ചെയ്യുന്നവരെ ജയിലിൽ അടയ്ക്കുമെന്ന ഭീഷണി വിലപോകില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. കല്ലു പിഴുത കേസുകൾക്ക് വേണ്ടി യുഡിഎഫ് പ്രവർത്തകർ ജയിലിൽ പോകുമെന്നും സതീശൻ വ്യക്തമാക്കി.
നൂറു ജനകീയ സദസ്സുകൾ നടത്തി സിൽവർ ലൈൻ പദ്ധതിക്കെതിരായ പൊള്ളത്തരം യുഡിഎഫ് തുറന്നുകാട്ടുമെന്നും സതീശൻ പറഞ്ഞു. അതേ സമയം കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. കോൺഗ്രസിന് കല്ലുകൾ വേണമെങ്കിൽ അതു എത്തിച്ചു നൽകാമെന്നും കോടിയേരി ബാലകൃഷ്ണൻ പരിഹസിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.