തിരുവനന്തപുരം: സിനിമാ (Cinema) ചിത്രീകരണം തടയുമെന്ന യൂത്ത് കോൺഗ്രസ് (Youth Congress) പ്രഖ്യാപനത്തിനെതിരെ കെപിസിസി (KPCC) നേതൃയോഗത്തിൽ വിമർശനം. ജോജുവിനെതിരായ (Joju) സമരം സിനിമാ മേഖലയാകെ പടർത്തരുതെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ (K Sudhakaran) പറഞ്ഞു. സിനിമ സര്‍ഗാത്മ പ്രവര്‍ത്തനമാണ്. സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. കെപിസിസി ഭാരവാഹി യോഗത്തിലായിരുന്നു അധ്യക്ഷന്‍റെ വിമര്‍ശനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

സമരം പിൻവലിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെടുമെന്ന് സുധാകരൻ വ്യക്തമാക്കി. അതിനിടെ ജോജു നായകനായ സ്റ്റാർ എന്ന സിനിമ പ്രദർശിപ്പിക്കുന്ന എറണാകുളം ഷേണായീസ് തീയറ്ററിന് മുന്നിൽ യൂത്ത് കോൺഗ്രസ് ധർണ സംഘടിപ്പിച്ചു. ജോജുവിന്റെ ഫോട്ടോ വെച്ച റീത്തുമായാണ് പ്രവർത്തകർ ധർണ നടത്തിയത്. 


ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയുമുള്ള സിനിമ ചിത്രീകരണം എറണാകുളം ജില്ലയില്‍ ഇനി അനുവദിക്കില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി നേരത്തെ പറഞ്ഞിരുന്നത്. 


അതേസമയം യൂത്ത് കോൺഗ്രസ് സമരത്തിനെതിരെ എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസും രംഗത്തെത്തിയിരുന്നു. ഷൂട്ടിംഗ് തടയണമെന്ന തീരുമാനമെടുത്തിട്ടില്ലെന്നും ലൊക്കേഷനുകളിലേക്ക് തങ്ങളാരും പോകില്ലെന്നും ഷിയാസ് പറഞ്ഞിരുന്നു. 


കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ച് പൃഥ്വിരാജ് ചിത്രം കടുവയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് യൂത്ത് കോൺ​ഗ്രസ് മാർച്ച് നടത്തിയിരുന്നു. പൊൻകുന്നത്തെ കോൺഗ്രസ് പ്രവർത്തകരാണ് മാർച്ച് നടത്തിയത്. നടൻ ജോജു ജോർജിനെതിരെയും പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.


ഇന്ധന വിലവർധനക്കെതിരെ സമരം ശക്തമായി തുടരാനും ഇന്ന് ചേർന്ന കെപിസിസി യോഗത്തിൽ തീരുമാനമായി. സമരത്തിൻ്റെ അടുത്ത പടിയായി സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല തീർക്കും. സമരത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു. 


സമരത്തിൽ പങ്കെടുക്കാത്തത് സംബന്ധിച്ച തൻ്റെ ഇന്നലത്തെ വിശദീകരണം മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും സതീശൻ പറഞ്ഞു ഇന്ധന വിലക്കെതിരെ ബ്ലോക്ക് തലം മുതൽ സമരം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. 21,22 തീയതികളിൽ കെപിസിസി ഭാരവാഹി ക്യാമ്പ് നടത്താനും തീരുമാനമായി.


കോൺ​ഗ്രസിന്റെ (Congress) ഇന്ധന വിലവർധനക്കെതിരായ (Fuel price hike) ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്റെ (Joju George) കാർ (Car) തകർത്ത കേസിൽ പ്രതികളുടെ ജാമ്യപേക്ഷയിൽ കോടതി നാളെ വിധി പറയും. പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിരുന്നു. ജാമ്യത്തിനുള്ള തുക നാശ നഷ്ടത്തിന്റെ 50 ശതമാനമായി നിശ്ചയിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.