പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്‍ഡിഎഫിന്‍റെ മനുഷ്യ മഹാശൃംഖലയെ വിമര്‍ശിച്ചുകൊണ്ട് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്.
ഉള്ളഹിന്ദുക്കളുടെ പിന്തുണ കൂടി പോയികിട്ടുമെന്നല്ലാതെ ഈ ചങ്ങലകൊണ്ട് പുതുതായി ഒന്നും ഇവിടെ സംഭവിക്കാനില്ല, അലനും താഹയും വെറുതെ ഉണ്ടാവുന്നതല്ലെന്ന് താമസം വിനാ നിങ്ങള്‍ക്ക് അംഗീകരിക്കേണ്ടി വരിക തന്നെ ചെയ്യുമെന്നും കെ സുരേന്ദ്രന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു.


"ആവർത്തനവിരസത എന്നൊന്നുണ്ട്. എപ്പോഴും ഈ കോപ്രായം ആവർത്തിക്കുന്നത് കാഴ്ചക്കാരിൽ അരോചകത്വമാണ് ഉണ്ടാക്കുന്നതെന്ന് നടത്തിപ്പുകാർക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അതവരുടെ കുഴപ്പമായി മാത്രമേ കാണാനാവൂ. നിങ്ങളീ വൃത്തികെട്ട ഏർപ്പാട് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞില്ലേ? എന്താണ് നിങ്ങളീ ചവിട്ടുനാടകം കൊണ്ട് നേടിയത്? ഈ ഇന്ത്യാ മഹാരാജ്യത്ത് ഒന്നരശതമാനം ജനങ്ങളുടെ പിന്തുണപോലും നിങ്ങൾക്കില്ലെന്നത് നിങ്ങൾ തിരിച്ചറിയുന്നില്ലേ? എട്ടും പൊട്ടും തിരിയാത്ത പ്രൈമറി സ്ക്കൂൾ കുട്ടികളേയും പാവപ്പെട്ട തൊഴിലുറപ്പു തൊഴിലാളികളേയും ബലം പ്രയോഗിച്ച് അണിനിരത്തി ചങ്ങലപിടിക്കുന്ന ഈ പ്രഹസനം ആരെ ആകർഷിക്കാനാണ് സഖാക്കളേ? ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചാണെങ്കിൽ അവർ നിങ്ങളെ വിശ്വസിക്കുമോ? ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളിൽ എത്ര ശതമാനം പേരുടെ പിന്തുണ നിങ്ങൾക്കുണ്ട്? മമതയ്ക്കും മുലായമിനും ലാലുവിനും എന്തിന് ഒവൈസിക്കുപോലും പിന്നിലാണ് നിങ്ങളെ ന്യൂനപക്ഷങ്ങൾ കാണുന്നത്. ബംഗാളിൽ ഒരുശതമാനം പോലും മുസ്ളീം പിന്തുണ നിങ്ങൾക്കില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉള്ള ഹിന്ദുക്കളുടെ പിന്തുണ കൂടി പോയിക്കിട്ടുമെന്നല്ലാതെ ഈ ചങ്ങലകൊണ്ട് പുതുതായി ഒന്നും ഇവിടെ സംഭവിക്കാനില്ല. അലനും താഹയും വെറുതെ ഉണ്ടാവുന്നതല്ലെന്ന് താമസം വിനാ നിങ്ങൾക്കംഗീകരിക്കേണ്ടിവരികതന്നെ ചെയ്യും. അറബിക്കഥയിലെ ക്യൂബാ മുകുന്ദനെപ്പോലെ ബാത്ത്റൂമിൽക്കയറി ഇൻക്വിലാബ് വിളിക്കേണ്ട ഗതികേടാണ് ചങ്ങലപ്പാർട്ടിയെ കാത്തിരിക്കുന്നത്.''