തുഞ്ചത്ത് ആചാര്യന്റെ പ്രതിമ സ്ഥാപിക്കാതിരിക്കാൻ കാരണം താലിബാൻ മനസെന്ന് K.Surendran
സർക്കാർ പ്രതിമ സ്ഥാപിക്കുന്നില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാൻ ബിജെപി മുൻകൈ എടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു
മലപ്പുറം: കോൺഗ്രസ്, സിപിഎം, മുസ്ലിംലീഗ് രാഷ്ട്രീയ പാർട്ടികളുടെ താലിബാൻ മനസാണ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ സ്ഥാപിക്കാനാവാത്തതിന് കാരണമെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോക ചരിത്രത്തിൽ ഒരിടത്തും ഒരു ജനതയ്ക്കും അവരുടെ ഭാഷാപിതാവിന്റെ പ്രതിമ സ്ഥാപിക്കാൻ വേണ്ടി സമരം ചെയ്യേണ്ടി വന്നിട്ടില്ലെന്നും തിരൂരിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സത്യാഗ്രഹം ഉദ്ഘാടനം ചെയ്യവെ കെ സുരേന്ദ്രൻ (K Surendran) പറഞ്ഞു.
തുഞ്ചത്ത് ആചാര്യൻ ഏതെങ്കിലും ജനവിഭാഗത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടേയോ ഭാഗമല്ല. എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ നാട്ടിൽ സ്ഥാപിച്ചാൽ മതേതരത്വം തകരുകയുമില്ല. മഹാഭൂരിപക്ഷം ജനങ്ങളും പ്രതിമ സ്ഥാപിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ചില മതമൗലികവാദികളുടെ മുമ്പിൽ സർക്കാർ മുട്ടിലിഴയുകയാണ്.
പ്രതിമ ചിലർക്ക് ഹറാമാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. അനിസ്ലാമികമാവാൻ ഏതെങ്കിലും വിഭാഗത്തിന്റെ ആരാധനാലയത്തിലല്ല പൊതു സ്ഥലത്താണ് തുഞ്ചത്ത് ആചാര്യന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നത്. തങ്ങൾ പറയുന്നതു പോലെ മറ്റുള്ളവരും ജീവിക്കണമെന്നാണ് താലിബാൻ (Taliban) പറയുന്നത്. അത് തന്നെയാണ് മലപ്പുറത്തെ രാഷ്ട്രീയ പാർട്ടികളും പിന്തുടരുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വനിതകൾക്ക് ചിത്രം വെക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലാത്ത സ്ഥലമായി മലപ്പുറത്തെ മാറ്റിയത് ഇത്തരം പാർട്ടികളാണ്. പൊതുപ്രവർത്തനത്തിനിറങ്ങുന്ന സ്ത്രീകളെല്ലാം മോശക്കാരാണെന്ന് പറഞ്ഞ എംഎസ്എഫ് നേതാവിനെ സംരക്ഷിക്കുകയാണ് പാണക്കാട് കുടുംബം ചെയ്തത്. ലീഗിന്റെ കാഴ്ചപാടിൽ വാദി പ്രതിയായതോടെ ഹരിതയിലെ പെൺകുട്ടികൾ കുറ്റക്കാരായി. ഇതാണ് മലപ്പുറത്തെ താലിബാനിസം.
ALSO READ: ഈഴവ സമുദായത്തിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ഫാ. റോയ് കണ്ണൻചിറ
മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ടാണ് ഈ കാര്യത്തിൽ നിലപാടില്ലാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. എന്തുകൊണ്ടാണ് പ്രതിമ സ്ഥാപിക്കാത്തതെന്ന് പിണറായി വിജയൻ ജനങ്ങളോട് പറയണം. മന്ത്രി അബ്ദുൾ റഹ്മാൻ ഒരു വിഭാഗത്തിന്റെമാത്രം ജനപ്രതിനിധിയല്ല. ആചാര്യന്റെ പ്രതിമ സ്വന്തം നാട്ടിൽ സ്ഥാപിക്കാതിരിക്കാൻ മതം കാരണമായെന്ന ചീത്തപേര് മലപ്പുറം ജില്ല മാറ്റണം. കെഎം മാണിയുടെ പ്രതിമയ്ക്ക് പോലും പണം മാറ്റിവെച്ച സർക്കാർ എഴുത്തച്ഛനെ എന്തിനാണ് അവഗണിക്കുന്നത്. സർക്കാർ പ്രതിമ സ്ഥാപിക്കുന്നില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാൻ ബിജെപി മുൻകൈ എടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...