Prithviraj: `കടുവ`യില്‍ പൃഥ്വിരാജിന് പൂച്ചെണ്ട് വേണ്ട; തെറ്റ് സ്വയം തിരുത്തിയതല്ല, തിരുത്തിച്ചതാണ്... ആ പൂച്ചെണ്ട് സോഷ്യല്‍ മീഡിയയ്ക്ക്
പൃഥ്വിരാജിൽ നിന്നാണ് ഈ പിശക് സംഭവിച്ചത് എന്നത് തന്നെയാണ് പലരും വലിയ പിഴവായി കണക്കാക്കുന്നത്. നടി ആക്രമിക്കപ്പെട്ട സമയത്ത് പൃഥ്വിരാജ് സ്വീകരിച്ച നിലപാടുകളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം 'കടുവ' തീയേറ്ററുകളില്‍ തരക്കേടില്ലാത്ത പ്രതികരണം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. എന്നാല്‍ സിനിമയേക്കാള്‍ ചര്‍ച്ചയായത്, സിനിമയില്‍ പൃഥ്വിരാജ് പറഞ്ഞ ഒരു ഡയലോഗ് ആണ്. ഭിന്നശേഷിക്കാരായ കുട്ടികളേയും മാതാപിതാക്കളേയും അധിക്ഷേപിക്കുന്ന തരത്തിലുള്ളതായിരുന്നു അത്. വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ സംവിധായകന്‍ ഷാജി കൈലാസും പൃഥ്വിരാജും മാപ്പ് പറഞ്ഞ് രംഗത്തെത്തി. ഒടുവില്‍ ആ ഡയലോഗ് മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത്രയും കഴിഞ്ഞപ്പോള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ചര്‍ച്ച ഉയര്‍ന്നുവന്നത്. ആ ഡയലോഗിന്റെ പേരില്‍ വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ ഏറ്റുവാങ്ങിയ പൃഥ്വിരാജിന്, തെറ്റ് തിരുത്തിയപ്പോള്‍ ആരും പൂച്ചെണ്ട് നല്‍കുന്നില്ല എന്നതാണത്. യഥാര്‍ത്ഥത്തില്‍ പൃഥ്വിരാജ് ഒരു പൂച്ചെണ്ട് ഇക്കാര്യത്തില്‍ അര്‍ഹിക്കുന്നുണ്ടോ?
തെറ്റ് സംഭവിക്കുക എന്നത് മനുഷ്യ സഹജമാണ്. അത് തിരുത്താനുള്ള മനസ്സുണ്ടാവുക എന്നത് വലിയ കാര്യം തന്നെയാണ്. എന്നാല്‍ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാള്‍, അത്തരമൊരു തെറ്റിന് കൂട്ടുനില്‍ക്കുകയും വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അത് തിരുത്തുകയും ചെയ്തു എന്നത് ആദ്യം പറഞ്ഞ 'വലിയ കാര്യം' ആയി കണക്കാക്കാന്‍ ആകുമോ എന്നതാണ് ചോദ്യം.
Read Also: "ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്" ; കടുവയിലെ വിവാദ ഡയലോഗ്; ക്ഷമാപണവുമായി ഷാജി കൈലാസ്
പൃഥ്വിരാജ് ആണ് ഇതിലെ കേന്ദ്ര കഥാപാത്രം എന്നത് തന്നെയാണ് വിഷയം. 2017 ല്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍, അതിജീവിതയ്‌ക്കൊപ്പം ഏറ്റവും ശക്തമായി നില്‍ക്കുകയും അതിനൊത്ത നിലപാടെടുത്ത് ചലച്ചിത്ര ലോകത്തെ തന്നെ അമ്പരപ്പിക്കുകയും ചെയ്ത ആളാണ് പഥ്വിരാജ്. ഇനിമേലില്‍ സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാവില്ലെന്നും സ്ത്രീയുടെ ആത്മാഭിമാനത്തെ പരിഹസിക്കുന്ന വാക്കുകള്‍ തന്റെ കഥാപാത്രങ്ങള്‍ ഇനി പറയില്ല എന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആണയിട്ടിട്ടുണ്ട്. അതിന് ശേഷവും പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിന്റെ കൂടെ നില്‍ക്കുന്ന ആള്‍ എന്ന തോന്നല്‍ സ്ഥിരമായി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്.
അങ്ങനെയുള്ള പൃഥ്വിരാജ്, ഈ വിഷയത്തില്‍ തെറ്റുതിരുത്തിയതിന് ഒരു പൂച്ചെണ്ടും അര്‍ഹിക്കുന്നില്ല എന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ വിലയിരുത്തല്‍. അങ്ങനെയൊരു തെറ്റ് വരാതിരിക്കാന്‍ ആയിരുന്നു പൃഥ്വിരാജ് ശ്രദ്ധിക്കേണ്ടത്. ഈ വിഷയത്തില്‍ സോമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നില്ലായിരുന്നെങ്കില്‍ 'കടുവ' സിനിമയിലെ മനുഷ്യവിരുദ്ധമായ പരാമര്‍ശങ്ങള്‍ തിരുത്തപ്പെടാതെ പോകുമായിരുന്നു എന്നും ഇവര്‍ വിലയിരുത്തുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍, സംവിധായകനെ കൊണ്ടും നായകനെ കൊണ്ടും തിരുത്തിച്ച സോഷ്യല്‍ മീഡിയയ്ക്കാണ് പൂച്ചെണ്ട് നല്‍കേണ്ടത് എന്നാണ് ഇവരുടെ പക്ഷം.
Read Also: കടുവ ഷാജിയേട്ടൻ സംവിധാനം ചെയ്യേണ്ടത് എന്റെ ആവശ്യമായിരുന്നു; പൃഥ്വിരാജ്
സ്ത്രീപക്ഷ നിലപാടുകള്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു 'ലൂസിഫര്‍'. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബ്ബില്‍ പ്രവേശിച്ച സിനിമയും. എന്നാല്‍ ഈ സിനിമയിലെ ഐറ്റം ഡാന്‍സും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. മറ്റ് പല സിനിമകളിലും ഐറ്റം ഡാന്‍സുകള്‍ ഉണ്ടെങ്കിലും പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയില്‍ സ്ത്രീ ശരീരത്തെ കച്ചവടവത്കരിക്കുന്ന തരത്തിലുള്ള ഡാന്‍സ് എങ്ങനെ വന്നു എന്നായിരുന്നു ചോദ്യം. എന്നാല്‍ ആ വിഷയത്തില്‍ മാപ്പ് പറയാനോ തിരുത്താനോ പൃഥ്വിരാജ് തയ്യാറായിരുന്നില്ല. പകരം, ആ ഐറ്റം ഡാന്‍സിനെ ന്യായീകരിക്കുകയായിരുന്നു പൃഥ്വിരാജ് ചെയ്തത്.
ഇതിനിടെ മറ്റൊരു വിവാദവും ഉയർന്നുവന്നിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ആയിരുന്നു പൃഥ്വിരാജും ഷാജി കൈലാസും അണിയറ പ്രവർത്തകരും വാർത്താ സമ്മേളനം നടത്തി മാപ്പ് പറഞ്ഞതും തിരുത്തിയ സിനിമയായിരിക്കും ഇനി പ്രദർശിപ്പിക്കുക എന്ന് പറഞ്ഞതും. ഈ വാർത്താ സമ്മേളനത്തിൽ പൃഥ്വിരാജിനും ഷാജി കൈലാസിനും ഒപ്പം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം രാധാകൃഷ്ണനും വേദിയിലുണ്ടായിരുന്നു. സഹപ്രവർത്തകയ്ക്ക് നേരെ വീട്ടിൽ കയറി ആക്രമണം നടത്തിയെന്ന കേസിലെ പ്രതിയാണ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എന്നതാണ് വിമർശനത്തിന് കാരണം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.