കൊച്ചി: ചലചിത്ര താരം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ ജാഫര്‍ ഇടുക്കിയെയും സാബുമോനെയും അടക്കമുള്ളവരുടെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി അനുമതി നല്‍കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

എറണാകുളം സിജെഎം കോടതിയാണ് സിബിഐയുടെ ആവശ്യം അംഗീകരിച്ചത്. ജാഫര്‍ ഇടുക്കിയടക്കം കലാഭവന്‍ മണിയുടെ ഏഴ് സുഹൃത്തുക്കള്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.


കലാഭവന്‍ മണിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ വിഷാംശം ചെന്നിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടത്. 


ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 


തുടര്‍ന്ന് 2017 മെയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, സിബിഐ കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി. സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം കലാഭവന്‍ മണിയുമായി ബന്ധമുള്ള നൂറുകണക്കിനാളുകളുടെ മൊഴിയെടുത്തിരുന്നു.


അന്വേഷണം ഉടൻ പൂ‍ർത്തിയാക്കി റിപ്പോർട്ട് നൽകുമെന്നാണ് സിബിഐ വൃത്തങ്ങൾ നൽകുന്ന സൂചന.