കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണത്തെക്കുറിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയതിനെതിരെ തനിക്ക് വധഭീഷണിയുണ്ടെന്നു കോതമംഗലം സ്വദേശിയായ കലാഭവന്‍ സോബി ജോര്‍ജ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും പൊലീസിന് മുന്‍പാകെ എല്ലാ കര്യങ്ങളും തുറന്നു പറയാന്‍ തയ്യാറാണെന്നും സോബി പറഞ്ഞു.


ബാലഭാസ്ക്കറിന്‍റെ മരണം അപകട മരണമല്ലെന്നാണ് തന്‍റെ വിശ്വാസമെന്നും എറണാകുളത്തിന് പുറത്തുപോയി മൊഴി നല്‍കണമെങ്കില്‍ പൊലീസ് സംരക്ഷണം വേണമെന്നും സോബി ആവശ്യപ്പെട്ടു. കാരണം മൊഴി നല്‍കിയ ശേഷം തനിക്ക് ഒറ്റയ്ക്ക് വീട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്നും സോബി കൂട്ടിച്ചേര്‍ത്തു.


അപകടം നടന്ന സമയത്ത് തിരുനെല്‍വേലിക്ക് പോവുകയായിരുന്ന സോബി റോഡിന്‍റെ വലതുഭാഗത്ത്കൂടി ഒരാള്‍ ഓടിപോകുകയും, മറ്റൊരാള്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യാതെ ബൈക്കില്‍ ഇരുന്ന് ഉന്തികൊണ്ട് പോകുന്നത് കണ്ടെന്നും. അപകടം പറ്റിയ ആരുടെയെങ്കിലും ബന്ധുവാണെന്ന് കരുതി സഹായത്തിന് ചെന്നെങ്കിലും അവര്‍ നിരസിക്കുകയായിരുന്നുവെന്നും സോബി പറഞ്ഞു.


പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത് ബാലഭാസ്കറിന്‍റെ വാഹനമാണെന്ന് അറിഞ്ഞതെന്നും. ഉടന്‍തന്നെ തന്‍റെ സുഹൃത്തായ മധു ബാലകൃഷണനെ വിവരമറിയിച്ചുവെന്നും മധു പ്രകാശ്‌ തമ്പിയോട് കാര്യം പറയുകയും പ്രകാശ്‌ തമ്പി തന്നെ ഫോണില്‍ വിളിക്കുകയും ചെയ്തുവെന്നും സോബി പറഞ്ഞു. മാത്രമല്ല അല്‍പ്പസമയം കഴിഞ്ഞ് വീണ്ടും വിളിച്ച പ്രകാശ്‌ വേറെ ആരോടെങ്കിലും കാര്യങ്ങള്‍ പറഞ്ഞോ എന്നും ചോദിച്ചതായും സോബി പറഞ്ഞു. 


ബാലഭാസ്ക്കറിന്‍റെ പരിപാടികൾ സംഘടിപ്പിക്കുന്നതും ഏകോപിപ്പിക്കുന്നതും തമ്പിയായിരുന്നു. ഈ തമ്പിയെയാണ് തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രധാനപ്രതിയായ വിഷ്ണുവാണ് ബാലയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. 


ഇവര്‍ക്ക് രണ്ടുപേര്‍ക്കും ബാലഭാസ്ക്കറിന്റെ മരണത്തില്‍ പങ്കുണ്ടെന്നാണ് അച്ഛന്‍ ഉണ്ണി പറയുന്നത്. ബാലഭാസ്ക്കറിന്‍റെ മരണശേഷം സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിച്ചപ്പോൾ അത് നൽകേണ്ടതില്ലെന്നായിരുന്നു വിഷ്ണു നൽകിയ മറുപടിയെന്നും ഉണ്ണി പറഞ്ഞു.


അച്ഛന്‍റെ ആരോപണത്തെ തുടര്‍ന്ന്‍ ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍ നിന്നും ബാലഭാസ്ക്കറിന്‍റെ മരണം സംബന്ധിച്ച പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചു.