തിരുവനന്തപുരം: കലാകൗമുദി ചീഫ് എഡിറ്ററും മുന്‍ കേരള കൗമുദി ചീഫ് എഡിറ്ററുമായ എം.എസ്. മണി അന്തരിച്ചു. എഴുപത്തിഒന്‍പത് വയസ്സായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരത്തെ കുമാരപുരത്തുള്ള സ്വന്തം വസതിയില്‍ വച്ചായിരുന്നു മരണം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.


മാധ്യമ മികവിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം എം.എസ്. മണി നേടിയിട്ടുണ്ട്. കേരള കൗമുദി പത്രാധിപരായിരുന്ന പത്മഭൂഷണ്‍ കെ.സുകുമാരന്‍റെയും മാധവി സുകുമാരന്‍റെയും മകനും സ്ഥാപക പത്രാധിപര്‍ സി.വി. കുഞ്ഞിരാമന്‍റെ കൊച്ചുമകനുമാണ്.


അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ മലയാള മാധ്യമ രംഗത്തിനു ചടുലത പകര്‍ന്ന ഉത്തമ പത്രാധിപന്‍മാരിലൊരാളായിരുന്നു എംഎസ് മണി. കേരളകൗമുദി ചീഫ് എഡിറ്റര്‍ ആയിരിക്കെ തന്നെ അദ്ദേഹം മാധ്യമ ലോകത്തിനു ഒട്ടേറെ സംഭാവനകള്‍ നല്‍കിയിരുന്നു.


1961ല്‍ കേരള കൗമുദിയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി പത്രപ്രവര്‍ത്തനം ആരംഭിച്ച എം.എസ്.മണി 1962ല്‍ പാര്‍ലമെന്റ് ലേഖകനായി ഡല്‍ഹിയിലെത്തി.കമ്മ്യൂണിറ്റ് പാര്‍ട്ടിയുടെ വിഭജനവും പോര്‍ച്ചുഗീസ് അധിനിവേശ പ്രദേശമായ ഗോവയിലെ ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രവേശനവും ഡല്‍ഹി ജീവിതത്തില്‍ ഇദ്ദേഹം പുറത്തുകൊണ്ടുവന്ന പ്രധാനവാര്‍ത്തകളില്‍ ചിലതാണ്.


അസമിലേക്കുള്ള ചൈനീസ് സേനയുടെ കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്ത് വിദേശകാര്യ യുദ്ധ റിപ്പോര്‍ട്ടിങ്ങിലും അദ്ദേഹം മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചിരുന്നത്.


വാര്‍ത്താലോകത്ത് തന്‍റെതായ പാത സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിഅംഗം, ഓള്‍ ഇന്ത്യ ന്യൂസ്‌പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.