മുഖ്യമന്ത്രിയെ ആക്രമിക്കാൻ യൂത്ത് കോൺഗ്രസുകാരെ പറഞ്ഞുവിട്ടത് സുധാകരനും സതീശനും; വിമാനത്തിലേത് അതിരുകടന്ന പ്രതിഷേധമെന്ന് കാനം
മുഖ്യമന്ത്രിയെ ആക്രമിക്കാൻ തയ്യാറെടുക്കുന്നവരെ ന്യായീകരിക്കാനാണ് കെ സുധാകരനും വി ഡി സതീശനും ശ്രമിക്കുന്നത്
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വിമാനമാണോ മുദ്രാവാക്യം നടത്തേണ്ട സ്ഥലം. പ്രതിഷേധക്കാരെ പറഞ്ഞുവിട്ടത് വിഡി സതീശനും കെ സുധാകരനുമാണെന്നും ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ കോൺഗ്രസ് ആസൂത്രണം ചെയ്തിരുന്നു. വിമാനത്തിൽ പ്രതിഷേധിച്ചവരെ കീഴ്പ്പെടുത്താൻ തയ്യാറായ തന്നോട് വിമാന അതോറിറ്റി നന്ദി രേഖപ്പെടുത്തണമെന്നും ജയരാജൻ തിരുവനന്തപുരത്ത് വ്യക്തമാക്കി.
ബിജെപി ഭരണത്തിൽ ന്യൂനപക്ഷം ആശങ്കയിലാണ്.ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ ദുർബലപ്പെടുന്നു. കേരളം ഇന്ത്യക്ക് തന്നെ പ്രതീക്ഷയാണെന്നും ജയരാജൻ പറഞ്ഞു. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചതിനെയും ഇടതുമുന്നണി കൺവീനർ വിമർശിച്ചു. ചരിത്രത്തിൽ ഭീകര വാദികൾ അല്ലാതെ ഇത്തരം സംഭവങ്ങൾ നടന്നിട്ടില്ല. വിമാനമാണോ പ്രതിഷേധിക്കേണ്ട സ്ഥലമെന്ന് ചോദിച്ച ജയരാജൻ കോൺഗ്രസ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയെ ആക്രമിക്കാൻ തയ്യാറെടുക്കുന്നവരെ ന്യായീകരിക്കാനാണ് കെ സുധാകരനും വി ഡി സതീശനും ശ്രമിക്കുന്നത്. അക്രമം നടന്നതിനെ അപലപിക്കേണ്ടതിന് പകരം യൂത്ത് കോൺഗ്രസ്സുകാർ തങ്ങളുടെ കുട്ടികളാണെന്ന് ന്യായീകരിക്കുന്നു. ഇതെന്താണ് കേരളത്തിൽ നടക്കുന്നതെന്നും ഇടതുമുന്നണി കൺവീനർ ചോദിച്ചു.
ഇന്നലെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർ മദ്യപിച്ചിട്ടില്ലല്ലോയെന്ന ചോദ്യത്തിന് ഇതായിരുന്നു ജയരാജൻ്റെ മറുപടി. മദ്യപിച്ചിട്ടില്ലെങ്കിൽ വളരെ സന്തോഷം.മദ്യപിച്ച പോലെയായിരുന്നു പെരുമാറ്റം.കള്ള് കുടിച്ചതാണോ പ്രധാന പ്രശ്നം കേരളത്തിൻ്റെ മുഖ്യമന്ത്രി ആക്രമിക്കാൻ ശ്രമിച്ചതാണ് ഇവിടെ പ്രധാനം. മുഖ്യമന്ത്രിക്ക് സർവ്വശക്തിയും നൽകി സിപിഎം പിന്തുണയൊരുക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
കെപിസിസി ഓഫീസ് ആക്രമണം തെറ്റാണെന്ന് തന്നെയാണ് നിലപാട്. രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ അക്രമിക്കാൻ ശ്രമിക്കുന്നത് നല്ല പ്രവണതയല്ല. റോഡിൽ വെച്ച ബോർഡാണ് പ്രതിഷേധക്കാർ നശിപ്പിച്ചത്.പ്രവർത്തകർ പ്രകോപനത്തിൽ അടിപ്പെട്ടു പോകരുതെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിലിൽ നിന്ന് സർക്കാർ പിന്നോട്ടില്ല. പ്രഖ്യാപിച്ച പരിപാടികളും പദ്ധതികളും കൃത്യമായിത്തന്നെ ജനങ്ങളുടെ സാന്നിധ്യത്തിൽ നടപ്പാക്കുമെന്നും ഇടതുമുന്നണി കൺവീനർ പ്രതികരിച്ചു.
അതേസമയം മുഖ്യമന്ത്രിക്കെതിരെ നടന്ന അക്രമസംഭവങ്ങളിൽ കാനം രാജേന്ദ്രൻ്റെ പ്രതികരണം ഇങ്ങനെ. അതിര് കടക്കുന്ന പ്രതിഷേധമാണ് നടക്കുന്നത്.സമാധാനം തകർക്കുന്ന എല്ലാ ശ്രമവും കലാപ ശ്രമം തന്നെയാണ്.വിമാനത്തിലേത് അതിര് കടന്ന പ്രതിഷേധമാണെന്നും പാർട്ടി ഓഫീസുകൾ പരസ്പരം അക്രമിക്കാൻ പാടില്ലെന്ന ധാരണ ഉണ്ടായിരുന്നുവെന്നും കാനം പറഞ്ഞു കറുത്ത മാസ്ക് സംബന്ധിച്ച വിഷയത്തിൽ സർക്കാരിന് ഒരു നിറത്തോടും വിരോധമില്ലെന്നും എല്ലാ നിറത്തോടും താൽപര്യം തന്നെയാണ് ഉള്ളതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...