കണ്ണൂര്‍ വിമാനത്താവളം: ഡിസംബര്‍ ഒമ്പതിന് തന്നെ ഗോ എയര്‍ സര്‍വീസുകള്‍
ഉദ്ഘാടന ദിവസം ഡല്‍ഹിയില്‍നിന്ന് കണ്ണൂരിലേക്ക് പ്രത്യേക സര്‍വീസ് നടത്തുമെന്നും ഗോ എയര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുംബൈ: കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ദിവസമായ ഡിസംബര്‍ ഒമ്പതിനു തന്നെ സര്‍വീസുകള്‍ തുടങ്ങുമെന്ന് വിമാന കമ്പനിയായ ഗോ എയര്‍.
കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുമെന്നാണ് അറിയിപ്പ്‍.
വ്യോമയാനമന്ത്രി സുരേഷ് പ്രഭു, മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ എന്നിവര്‍ ചേര്‍ന്നാവും വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ഉദ്ഘാടന ദിവസം ഡല്‍ഹിയില്‍നിന്ന് കണ്ണൂരിലേക്ക് പ്രത്യേക സര്‍വീസ് നടത്തുമെന്നും ഗോ എയര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്‌പൈസ് ജെറ്റും ഇൻഡിഗോയും ജനുവരി ആദ്യം മുതലാണ് സർവീസ് നടത്തുക. ജനുവരിയോടെ പ്രധാനപ്പെട്ട എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും സർവീസ് നടത്താനാകുമെന്നാണ് പ്രതീക്ഷ.
ഗോ എയർ ഗൾഫ് സർവീസുകൾക്കു പുറമെ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ഉഡാൻ സർവീസ് നടത്തും.
ഗോ എയര്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന 24ാമത്തെ വിമാനത്താവളമാവും കണ്ണൂര്‍. 1892 കോടി രൂപയാണ് വിമാനത്താവളത്തിന് പ്രതീക്ഷിച്ച ചെലവ്. എന്നാൽ 2350 കോടി രൂപയോളം ചെലവായി.
ബന്ധപ്പെട്ട അനുമതികള്‍ ലഭിച്ച ശേഷം രാജ്യാന്തര സര്‍വീസുകളും തുടങ്ങാനും ഗോ എയറിന് പദ്ധതിയുണ്ട്.
സംസ്ഥാനത്തെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമാണ് കണ്ണൂരിലേത്. 2330 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വിമാനത്താവളത്തിന്‍റെ റണ്‍വേയ്ക്ക് 3050 മീറ്ററാണ് നീളം.
വിമാനത്താവളം ഉദ്ഘാടനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഓഹരിയുടമകളായ 6700 പേരെയും ക്ഷണിച്ചു കഴിഞ്ഞു.
തിരക്ക് നിയന്ത്രിക്കാൻ പോലീസ് നിർദേശിച്ച പാർക്കി൦ഗ് കേന്ദ്രങ്ങളിൽനിന്ന് എഴുപതോളം ബസ്സുകൾ സൗജന്യമായി സർവീസ് നടത്തും.
രാവിലെ 10-നാണ് ഉദ്ഘാടനമെങ്കിലും എട്ടുമുതൽ കലാപരിപാടികളും ഒൻപതിന് മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിലുള്ള കേളികൊട്ടും നടക്കും.