കണ്ണൂർ: കണ്ണൂരിൽ അപകടത്തിൽപ്പെട്ട സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോർട്ട്. ബസിന്റെ ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയിൽ കണ്ടെത്തി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം എന്നാണ് പ്രഥമിക നിഗമനം. വാഹനം ഓടിക്കുന്നിനിടെ ഫോൺ ഉപയോഗിച്ചതിനാൽ ശ്രദ്ധ മാറിയതാകാൻ സാധ്യതയുണ്ടെന്നും എംവിഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു. അശാസ്ത്രീയമായി നിർമിച്ച റോഡും അപകടകാരണമായെന്നാണ് നിഗമനം.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം അപകടത്തിൽ മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യയുടെ സംസ്കാരം ഇന്ന് നടക്കും. പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. ശേഷം നേദ്യ പഠിച്ച കുറുമാത്തൂർ ചിന്മയ യുപി സ്കൂളിൽ പൊതുദർശനമുണ്ടാകും. അപകടത്തിൽ പരിക്കേറ്റ മറ്റ് കുട്ടികളിൽ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. ഡ്രൈവർ നിസാമും ആയ സുലോചനയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഇറക്കത്തിൽ ബസിന്‍റെ നിയന്ത്രണം നഷ്ടമായതാണ് മറിയാൻ കാരണമെന്നാണ് ഡ്രൈവർ മൊഴി നൽകിയിരുന്നത്. 


കണ്ണൂര്‍ വളക്കൈയിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.