കൊച്ചി: കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബിന് എല്‍എല്‍ബി പരീക്ഷ എഴുതാന്‍ കണ്ണൂര്‍സര്‍വകലാശാല അനുമതി നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

സര്‍വകലാശാല അനുമതി നല്‍കിയാല്‍ അലന് പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടാതെ ഇക്കാര്യത്തില്‍ 48 മണിക്കൂറിനുളളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.


ഇതോടെ സര്‍വകലാശാലയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് നടക്കുന്ന എല്‍എല്‍ബി സെമസ്റ്റര്‍ പരീക്ഷ അറ്റന്‍ഡ് ചെയ്യാന്‍ കഴിയും. എന്നാല്‍ ഫലം പ്രഖ്യാപിക്കുന്നത് ഹാജര്‍ നില കൂടി പരിശോധിച്ചാകുമെന്നും സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്.


അലന് എല്‍എല്‍ബി പരീക്ഷ എഴുതാനാകുമോ എന്ന് കണ്ണൂര്‍ സര്‍വകലാശാലയോട് നേരത്തെ ഹൈക്കോടതി ചോദിച്ചിട്ടുണ്ടായിരുന്നു. റിമാന്‍ഡ്‌ പ്രതിയായ അലന് പരീക്ഷ എഴുതാനുള്ള അവകാശം ഉണ്ടെന്നും അതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പറയേണ്ടത് കണ്ണൂര്‍ സര്‍വകലാശാലയാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.


കൂടാതെ അലന് പരീക്ഷ എഴുതാനാകുമെന്ന് സര്‍വകലാശാല അറിയിച്ചാല്‍ അതിനുള്ള സൗകര്യം ഒരുക്കാന്‍ എന്‍ഐഎ തയ്യാറാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.


ഇന്ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ തന്നെ അനുവദിക്കണമെന്ന ആവശ്യവുമായി അലന്‍ ശുഹൈബ് നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.


മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍ നിന്നും അലനെ വിലക്കിയിരുന്നു. എന്നാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതുവാന്‍ അവസരം വേണമെന്നും ഒരു വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് ഇതിന് അനുമതി നല്‍കണമെന്നും അലന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.