ആലുവ: ശക്തമായ മഴയെ തുടര്‍ന്ന് ഡാമുകള്‍ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ആലുവ മണപ്പുറത്ത് കര്‍ക്കിടക ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് അതീവ സുരക്ഷയൊരുക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോസ്റ്റ് ഗാര്‍ഡിന്റേയും ദേശീയ ദുരന്തനിവാരണ സേനയുടേയും സേവനം ഇവിടെ ഉറപ്പു വരുത്തിയിട്ടുണ്ട്.


ദേശീയ ദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന ടീമിനെ ഇന്നലെ ഉച്ചയോടെ ആലുവ മണപ്പുറത്ത് വിന്യസിച്ചു. ഫയര്‍ഫോഴ്‌സിന്റേയും പൊലീസിന്റേയും സുരക്ഷയ്ക്ക് പുറമേയാണിത്. എല്ലാവിധ അപകട സാധ്യതകളെയും നേരിടാനുള്ള സജ്ജീകരണങ്ങളും സേന ഒരുക്കിയിട്ടുണ്ട്. മൂന്ന് ബോട്ടുകള്‍, 20 ലൈറ്റ് ബോട്ടുകള്‍, 40 ലൈഫ് ജാക്കറ്റുകള്‍, പ്രത്യേക റോപുകള്‍, സ്‌കൂബ ടീം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.


പെരിയാറിന്റെ തീരത്തുള്ള കാലടി ചേലാമറ്റം മഹാവിഷ്ണു ക്ഷേത്രത്തിലും സുരക്ഷ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. മൂവാറ്റുപുഴ ആര്‍ഡിഒ എം. ടി അനില്‍കുമാറിന്‍റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുന്നത്. 


കോസ്റ്റ് ഗാര്‍ഡ് ടീമിനെ ഇന്നലെ അര്‍ധരാത്രി മുതല്‍ ഇവിടെ വിന്യസിച്ചു. ഫയര്‍ ഫോഴ്‌സും പൊലീസും ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ പരിശീലനം ലഭിച്ച വോളന്റിയര്‍മാരും ഇവിടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. 


പെരിയാറിലെ വെള്ളത്തിന്റെ ഒഴുക്ക് ശക്തിപ്പെട്ട സാഹചര്യത്തില്‍ ബാരിക്കേഡുകള്‍ കെട്ടി ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പുഴയിലേക്കിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


ബലിയിടാന്‍ എത്തുന്നവര്‍ക്കെല്ലാം കര്‍മം നിര്‍വഹിക്കുന്നതിനും മറ്റു തടസങ്ങള്‍ ഇല്ലാതിരിക്കാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. പൊലീസിന്റേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും തീരുമാനങ്ങള്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.