Food Poisoning : ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തണം; മന്ത്രി വീണ ജോർജ്
Kasargod Food Poisoning Death : കാസർഗോഡ് മരണപ്പെട്ട യുവതി എവിടെ നിന്നാണ് ഭക്ഷണം കഴിച്ചതെന്നും എന്നാണ് ഭക്ഷണം കഴിച്ചതെന്നും ചികിത്സ തേടിയതിന്റെ വിവരങ്ങളും ശേഖരിക്കാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി.
ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസുകൾ എടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ തന്നെ ചുമത്തി കൊണ്ട് കേസെടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് മുഴുവൻ പരിശോധന നടത്താൻ അധികാരമുള്ള സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ് രണ്ടു ദിവസത്തിനകം രൂപീകരിക്കുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാസർഗോഡ് മരണപ്പെട്ട യുവതി എവിടെ നിന്നാണ് ഭക്ഷണം കഴിച്ചതെന്നും എന്നാണ് ഭക്ഷണം കഴിച്ചതെന്നും ചികിത്സ തേടിയതിന്റെ വിവരങ്ങളും ശേഖരിക്കാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഭക്ഷണത്തിൽ മായം കലർത്തിയ ശേഷം സ്ഥാപനം പൂട്ടിയാൽ വീണ്ടും തുറക്കൽ എളുപ്പമാകില്ല. കാസർകോട് തലക്ലായിയിലെ അഞ്ജുശ്രീ പാർവ്വതിയാണ് കുഴിമന്തി കഴിച്ചതിനെ തുടർന്ന് മരണപ്പെട്ടത്. ഓൺലൈൻ വഴി ഓർഡർ ചെയ്താണ് കുഴിമന്തി വാങ്ങിയത്. മരണം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു. അഞ്ജുശ്രീ പാർവ്വതിക്കൊപ്പം ഭക്ഷണം കഴിച്ച മറ്റുള്ളവർക്കും ഭക്ഷ്യ വിഷബാധയേറ്റിറ്റുണ്ട്.
ALSO READ: വീണ്ടും കുഴിമന്തി കഴിച്ച് മരണം; മരിച്ചത് കാസർകോട് സ്വദേശിയായ പെൺകുട്ടി
അതേസമയം ഭക്ഷ്യ വിഷബാധ പരിശോധിക്കാൻ രണ്ട് സംഘങ്ങളാണ് ഇവിടെയുള്ളത്. കോട്ടയത്ത് ഭക്ഷ്യ വിഷബാധയെ നഴ്സ് മരിച്ചതിന് ഒരാഴ്ച പോലും കഴിയുന്നതിന് മുമ്പാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് സംസ്ഥനത്ത് അടുത്ത മരണം ഉണ്ടായിരിക്കുന്നത്. കോട്ടയം കിളിരൂർ സ്വദേശിനി രശ്മി (33) ആണ് ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയത്ത് കഴിഞ്ഞ ആഴ്ച മരണപ്പെട്ടത്. സംക്രാന്തിയിലെ ഹോട്ടൽ പാർക്ക് മലപ്പുറം കുഴിമന്തിയെന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്.
കോട്ടയം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഐസിയുവിൽ നഴ്സായിരുന്നു രശ്മി. ഭക്ഷ്യവിഷബാധയെ തുടർന്ന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ച രശ്മിയുടെ ആരോഗ്യനില പിന്നീട് കൂടുതൽ വഷളാകുകയായിരുന്നു. ഇതിനെ തുടർന്ന് നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്പെൻഡ് ചെയ്തിരുന്നു. ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിന് വീണ്ടും അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്പെൻഡ് ചെയ്തത്. കോട്ടയം നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.ആര്‍. സാനുവിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...