തിരുവനന്തപുരം: അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം.  തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നടപടി. കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ച പശ്ചാത്തലത്തിലാണ് അടിയന്തര ഇടപെടലിനുള്ള നിര്‍ദേശം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹോട്ടലുകള്‍, ബേക്കറികള്‍, ഫാസ്റ്റ് ഫുഡ് വില്‍പ്പന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ലൈസന്‍സോടെയാണോ പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങള്‍ അടിയന്തിര പരിശോധന നടത്തും. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചു. 


പാതയോരങ്ങളിലെ ഐസ് ക്രീം, ശീതള പാനീയങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലും, വാഹനങ്ങളിലും തട്ടുകടകളിലും ആരോഗ്യവിഭാഗത്തെ ഉപയോഗിച്ച് പരിശോധന നടത്തും. ഭക്ഷണത്തിന് കാലപ്പഴക്കമുണ്ടോ എന്നും, ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോ എന്നും പരിശോധിക്കും. സ്ഥാപനത്തിന് ശുചിത്വം ഉണ്ടെന്നും ഉറപ്പാക്കും. പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ കച്ചവടസ്ഥാപനത്തിന്റെ പ്രവര്‍ത്തനം അടിയന്തിരമായി നിര്‍ത്തിവെപ്പിക്കുകയും  ലൈസന്‍സും ഉടന്‍ റദ്ദാക്കുകയും ചെയ്യും.


അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ മാംസാഹാരം പെട്ടന്ന് കേടാകാന്‍ സാധ്യതയുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ മാംസാഹാരം വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ കൃത്യമായി പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍ദേശം നല്‍കി.


ഗുണമേന്മയുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ തുടരുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. രുചികരമായ ഭക്ഷണം ഗുണമേന്മ ഉറപ്പാക്കി വിതരണം ചെയ്യണം. ചെറുവത്തൂരിലേത് പോലെ ഇനിയൊരു സംഭവം ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.