SFI: കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ എസ്എഫ്ഐയുടെ ആൾമാറാട്ടം; വിവാദമായതോടെ തിരുത്തി പേര് മാറ്റി നൽകി പ്രിൻസിപ്പൽ
SFI Controversy: മത്സരിച്ച് ജയിച്ച അനഘയെ മാറ്റി സംഘടനാ നേതാവായ വിശാഖിന്റെ പേര് ഉൾപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിൻസിപ്പലിന്റെ നടപടി.
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐയുടെ ആൾമാറാട്ടത്തിൽ എ വിശാഖിന്റെ പേര് പിൻവലിച്ച് സർവകലാശാല രജിസ്ട്രാർക്ക് കത്തയച്ച് പ്രിൻസിപ്പൽ. പ്രിൻസിപ്പൽ ഡോ.ഷൈജു ഇ-മെയിൽ വഴിയാണ് സർവകലാശാല രജിസ്ട്രാറെ ഇക്കാര്യം അറിയിച്ചത്. മത്സരിച്ച് ജയിച്ച അനഘയെ മാറ്റി സംഘടനാ നേതാവായ വിശാഖിന്റെ പേര് ഉൾപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിൻസിപ്പലിന്റെ നടപടി.
കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ എസ്എഫ്‌ഐ ആൾമാറാട്ടം നടത്തിയെന്ന പരാതിയുമായി കെഎസ്‌യു രംഗത്തെത്തിയിരുന്നു. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച വിദ്യാർഥിനിയുടെ പേരിന് പകരം സംഘടനാ നേതാവിന്റെ പേരാണ് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചതെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎസ്‌യു പോലീസ് മേധാവിക്ക് പരാതി നൽകി. ഡിസംബർ 12ന് ആണ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ തെരഞ്ഞെടുപ്പ് നടന്നത്.
യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് എസ്എഫ്‌ഐ പാനലിലെ ആരോമലും അനഘയുമാണ് വിജയിച്ചത്. എന്നാൽ കൗൺസിലർമാരുടെ പേരുകൾ കോളേജിൽ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചപ്പോൾ അനഘയ്ക്ക് പകരം കോളേജിലെ ഒന്നാംവർഷ വിദ്യാർഥി എ വിശാഖിന്റെ പേര് നൽകി. വിശാഖ് എസ്എഫ്‌ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയാണ്. വിശാഖ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.
വിശാഖിനെ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് എത്തിക്കാൻ ആൾമാറാട്ടം നടത്തുകയായിരുന്നെന്നാണ് കെ എസ് യു ആരോപിക്കുന്നത്. പേര് മാറ്റി നൽകിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് കെ എസ് യുവിന്റെ ആരോപണം. ആൾമാറാട്ടം നടത്തിയവർക്കെതിരെ കേസെടുക്കണമെന്ന് കെ എസ് യു നേതാക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ ക്രിസ്ത്യൻ കോളേജ് അധികൃതരോട് കേരളാ യൂണിവേഴ്‌സിറ്റി റിപ്പോർട്ട് തേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...