തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നല്‍കുന്ന ഗ്രേസ് മാര്‍ക്ക് എസ്എസ്എല്‍സി പരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കേണ്ടതില്ലെന്ന് ശുപാര്‍ശ. മാത്രമല്ല, നൃത്ത ഇനങ്ങളില്‍ മത്സരാര്‍ത്ഥികളുടെ അമിത ആഢംബരങ്ങള്‍ക്ക് മൈനസ് മാര്‍ക്കിനും നിര്‍ദ്ദേശമുണ്ട്. കലോത്സവ മാന്വല്‍ അടിമുടി പരിഷ്ക്കരിക്കാനുള്ള കരട് റിപ്പോര്‍ട്ട്  പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായ സമിതി സര്‍ക്കാറിന് സമര്‍പ്പിച്ചു. 


ഗ്രേസ് മാര്‍ക്കിനായുള്ള അപ്പീല്‍ പ്രളയത്തിനും കലോത്സവത്തിലെ അനാരോഗ്യ പ്രവണതകള്‍ക്കും തടയിടാനാണ് മാന്വല്‍ പരിഷ്ക്കരണം.  നിലവില്‍ എ ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് 30 മാര്‍ക്കാണ് ഗ്രേസ് മാര്‍ക്കായി അനുവദിക്കുന്നത്. ഈ ഗ്രേസ് മാര്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷക്കൊപ്പം ചേര്‍ക്കുമ്പോള്‍ വിജയ ശതമാനവും കുത്തനെ ഉയരും. എന്നാല്‍ ഗ്രേസ് മാര്‍ക്ക് പരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കെണ്ടന്നാണ് സമിതിയുടെ പ്രധാന ശുപാര്‍ശ. പകരം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ ഗ്രേസ് മാര്‍ക്ക് പ്രത്യേകം ചേര്‍ക്കും.  ഗ്രേസ് മാര്‍ക്ക് ഒഴിവാക്കുമ്പോള്‍ എസ്.എസ്.എല്‍.സി വിജയശതമാനം മൊത്തത്തില്‍ കുറയാനും ഇടയാകുന്നതുകൊണ്ട് തന്നെ ഡി.പി.ഐയുടെ നേതൃത്വത്തിലുള്ള 11 അംഗ സമിതിയുടെ ശുപാര്‍ശയില്‍ സര്‍ക്കാറിന്‍റെ അന്തിമതീരുമാനം നിര്‍ണ്ണായകമാണ്.