തിരുവനന്തപുരം: ചികിത്സയിലിരിക്കെ ഒമ്പത് വയസുകാരിക്ക് എച്ച്‌ഐവി സ്ഥിരീകരിച്ച സംഭവത്തില്‍ ആര്‍സിസി ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ആരോഗ്യമന്ത്രി ഉടന്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍സിസി ഡയറക്ടറോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധസമിതിയും പൊലീസും അന്വേഷണം തുടരുകയാണ്. ഒരാഴ്ചക്കകം വിദഗ്ധസമിതി റിപ്പോര്‍ട്ട് കൈമാറും.


അതേസമയം പെണ്‍കുട്ടിയ വീണ്ടും പരിശോധിക്കാന്‍ ആരോഗ്യവകുപ്പു നിയോഗിച്ച വിദഗ്ധ സംഘം നിര്‍ദ്ദേശിച്ചു. ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ നടത്താനായി ചെന്നൈയിലെ റീജിയണല്‍ ലബോറട്ടറിയില്‍ രക്തപരിശോധന നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ആരോഗ്യവകുപ്പ് നിയോഗിച്ച ജോയിന്റ് ഡിഎംഒയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിനായി സര്‍ക്കാര്‍ ചിലവില്‍ പെണ്‍കുട്ടിയേയും രക്ഷിതാക്കളെയും ചെന്നൈയിലേക്കയച്ച് വിശദമായ പരിശോധന നടത്തും. എപ്പോഴാണ് പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടായത് എന്നത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പരിശോധനയില്‍ ലഭിക്കുമെന്നാണ് വിദഗ്ധ സംഘം പ്രതീക്ഷിക്കുന്നത്. ഇക്കാര്യം ഒരു ശുപാര്‍ശയായാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ചൊവ്വാഴ്ച ചേരുന്ന വിദഗ്ധസംഘത്തിന്‍റെ യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.