തിരുവനന്തപുരം: സംസ്ഥാനത്ത്  രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത,സാമുദായിക, സാംസ്‌കാരിക സംഘടനകള്‍ക്കും കൊടിയും തോരണവും കെട്ടാൻ മുൻകൂർ അനുമതി വാങ്ങണമെന്ന് സർവ്വ കക്ഷി യോഗത്തിൽ തീരുമാനം. കാൽ നടക്കും ഗതാഗതത്തിനും തടല്ലമുണ്ടാക്കാൻ പാടില്ലെന്നും നിർദ്ദേശം.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേർന്ന സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം. പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടക്കാല ഉത്തരവുകളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം. തീരുമാനങ്ങള്‍ പൊതുസമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. 


സ്വകാര്യ മതിലുകള്‍, കോമ്പൗണ്ടുകള്‍ എന്നിവിടങ്ങളില്‍ ഉടമസ്ഥരുടെ അനുവാദത്തോടെ ഗതാഗതത്തെ ബാധിക്കാതെ കൊടിതോരണങ്ങള്‍ കെട്ടാന്‍ അനുവദിക്കാവുന്നതാണ്. സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയോടനുബന്ധിച്ച് പാതയോരങ്ങളില്‍ മാര്‍ഗ്ഗതടസ്സമുണ്ടാക്കാതെ താല്‍ക്കാലികമായി ബന്ധപ്പെട്ടവരുടെ അനുമതിയോടെ കൊടിതോരണങ്ങള്‍ കെട്ടാം. എത്ര ദിവസം മുമ്പ് കെട്ടാമെന്നും പരിപാടിക്കുശേഷം എപ്പോള്‍ നീക്കം ചെയ്യുമെന്നും മുന്‍കൂട്ടി വ്യക്തമാക്കണം.


പൊതുയിടങ്ങളില്‍ ഗതാഗതത്തിനും കാല്‍നടയ്ക്കും തടസ്സമുണ്ടാകുന്ന രീതിയില്‍ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കരുത്. യോഗത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നിര്‍ദ്ദേശങ്ങളോട് എല്ലാ കക്ഷികളും പൊതുവെ യോജിപ്പ് രേഖപ്പെടുത്തി.


പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, നിയമ വകുപ്പ് മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് വിവിധ രാഷ്ട്രീയ  പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.