പി.ബി.അബ്ദുള്‍ റസാഖിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് നിയമസഭ പിരിഞ്ഞു
നിയമസഭാ സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന്‍റെ ആദ്യദിവസമായ ഇന്ന് അന്തരിച്ച മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സഭ പിരിഞ്ഞു.
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന്‍റെ ആദ്യദിവസമായ ഇന്ന് അന്തരിച്ച മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സഭ പിരിഞ്ഞു.
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനാണ് അന്തരിച്ച അംഗത്തെ അനുസ്മരിച്ചു കൊണ്ടുള്ള അനുശോചന പ്രമേയം വായിച്ചത് നിയമസഭയിലെ പുഞ്ചിരിക്കുന്ന സാന്നിധ്യമായിരുന്നു പി.ബി.അബ്ദുള്‍ റസാഖെന്നും അദ്ദേഹത്തിന്‍റെ വിയോഗം അവിശ്വസനീയമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അബ്ദുള്‍ റസാഖിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ടു പറഞ്ഞു.
നാടിനും നാട്ടുകാര്‍ക്കും ഗുണം ചെയ്യുന്ന കാര്യങ്ങള്‍ക്കായി ആദ്യാവസാനം പ്രവര്‍ത്തിച്ച ആളാണ് റസാഖെന്നും സപ്തഭാഷ ഭൂമിയായ കാസര്‍ഗോഡിന്‍റെ വൈവിധ്യങ്ങളെ സമന്വയിപ്പിച്ചാണ് അദ്ദേഹം ജനപ്രിയനായ നേതാവായി മാറിയതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
എം എല്‍ എമാരായ വി.എസ്.സുനില്‍ കുമാര്‍ (സിപിഐ), എം.കെ.മുനീര്‍ (ഐയുഎംഎല്‍), സി.കെ.നാണു (ജനതാദള്‍), കെ.എം.മാണി (കേരള കോണ്‍ഗ്രസ് എം), അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജെ), കടന്നപ്പള്ളി രാമചന്ദ്രന്‍ (കോണ്‍ഗ്രസ് എസ്), ഒ.രാജഗോപാല്‍ (ബിജെപി), വിജയന്‍പിള്ള (സിഎംപി), കെബി ഗണേഷ് കുമാര്‍ (കേരള കോണ്‍ഗ്രസ് ബി), പിസി ജോര്‍ജ്, തുടങ്ങി വിവിധ കക്ഷി നേതാക്കള്‍ അദ്ദേഹത്തെ അനുസ്മരിച്ചു സംസാരിച്ചു.
ഇത്തവണ മുതല്‍ രാവിലെ ഒന്‍പത് മണിക്കായിരിക്കും സഭാ നടപടികള്‍ തുടങ്ങുക. ഒന്‍പത് മുതല്‍ മുതല്‍ 10 വരെയായിരക്കും ചോദ്യോത്തരവേള. തുടര്‍ന്ന് രാവിലെ 10നാണ് ശൂന്യവേള. എല്ലാ ദിവസവും രണ്ടരക്ക് സഭാ നടപടികള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും ഇത്തവണ നടപ്പാക്കില്ല.
നാളെ മുതല്‍ ചോദ്യോത്തരങ്ങളും വാദ പ്രതിവാദങ്ങളുംകൊണ്ട് ശബ്ദമുഖരിതമാവും നിയമസഭ. സമ്മേളനം ഡിസംബര്‍ 13ന് അവസാനിക്കും.