തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഓണത്തിന് മുന്‍പ് പെയിന്‍റടി പൂര്‍ത്തിയാക്കിയാല്‍ സംസ്ഥാനത്ത് എവിടെപ്പോയാലും ബിവറേജസ് ഷാപ്പുകളെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചുവപ്പ് നിറത്തില്‍ മഞ്ഞയും നീലയും വരകളാകും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക്  നല്‍കുക. ലോഗോയും  ബിവ്‌കോ എന്ന എഴുത്തും ഒരേ രീതിയില്‍. വെളിച്ചത്തിന്‍റെ ലഭ്യതയനുസരിച്ച്‌ കൗണ്ടറിന് ഉള്‍വശം ഇഷ്ടമുള്ള നിറം നല്‍കി ആകര്‍ഷകമാക്കാം. 


രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഇതിനായി ചെലവാക്കാം എന്നാണ് നിര്‍ദേശം. കൂടുതല്‍ കൗണ്ടറുകള്‍, ഗ്ലാസ് വാതിലുകള്‍, മേല്‍ക്കൂരയില്‍ ഷീറ്റ് വിരിക്കല്‍, തറയില്‍ ടൈലുകള്‍ എന്നിവ നടത്തിയും മോടി പിടിപ്പിക്കാം. 


സര്‍ക്കാരിന് മികച്ച വരുമാനം നല്‍കുന്നതാണെങ്കിലും ബിവറേജസ് പലയിടത്തും ശോച്യാവസ്ഥയിലാണ്. മോടിയുള്ള പുതിയ വാടകക്കെട്ടിടങ്ങള്‍ അന്വേഷിക്കുന്നതിനും യൂണിഫോമിലുള്ള സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിനും നീക്കം തുടങ്ങിയിട്ടുണ്ട്.


സംസ്ഥാനത്ത് നിലവിലുള്ള 270 മദ്യവില്‍പ്പനശാലകളില്‍ മിക്കതും പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടത്തിലായതിനാല്‍, കെട്ടിടം ഉടമസ്ഥന്‍ തന്നെ പെയിന്‍റടിക്കണം. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച്‌ ഉടമയും ബിവറേജസ് കോര്‍പറേഷനും തമ്മില്‍ കരാറുണ്ട്. 


പെയിന്‍റടിക്കാന്‍ ചെലവാകുന്ന തുക കോര്‍പറേഷന്‍ റീ ഫണ്ട് ചെയ്യുമെന്നാണ് ധാരണ. ഇതുപ്രകാരം ഔട്ട്‌ലെറ്റുകള്‍ക്ക് ഒരേ നിറം നല്‍കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. മേല്‍നോട്ട ചുമതല റീജിയണല്‍ മാനേജര്‍മാര്‍ക്കാണെന്ന് ബെവ്‌കോ കമ്പനി സെക്രട്ടറി ജോണ്‍ ജോസഫ് പറഞ്ഞു.


2017-18 സാമ്പത്തിക വര്‍ഷം 11,024 കോടി രൂപയുടെ മദ്യം വിറ്റഴിച്ചെന്നാണ് റിപ്പോര്‍ട്ട്. അതിനു മുന്‍പുള്ള സാമ്പത്തിക വര്‍ഷത്തെക്കാള്‍ 671 കോടി രൂപയുടെ അധിക വരുമാനമാണ് കഴിഞ്ഞ തവണ ലഭിച്ചത്.


പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 86 പുതിയ ബാറുകള്‍ക്കും അനുമതി നല്‍കിയിരുന്നു. വരുന്ന ഓണത്തിനും സംസ്ഥാനത്ത് പതിവുപോലെ തന്നെ റെക്കോര്‍ഡ് മദ്യവില്‍പന നടക്കുമെന്നാണ് പ്രതീക്ഷ.