വാഷിംഗ്‌ടണ്‍: നവകേരള നിര്‍മ്മാണത്തിന് അമേരിക്കന്‍ മലയാളികളുടെ പിന്തുണ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയ്ക്കായി അമേരിക്കയിലെത്തിയ മുഖ്യമന്ത്രി മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് കേരളത്തിന്‍റെ അതിജീവനത്തിന് ഏവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ചികിത്സയ്ക്ക് ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ പൊതുപരിപാടിയാണ് ഇത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രൗഡ് ഫണ്ടിംഗ് അടക്കമുള്ള മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണം. ദേശീയ മാനദണ്ഡപ്രകാരം കിട്ടുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ല. ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ തയ്യാറുള്ളവര്‍ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യാന്തര തലത്തിൽ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേർക്കും.


അമേരിക്കന്‍ മലയാളികളില്‍നിന്ന് 150 കോടിരൂപയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 18 മുതല്‍ ധനമന്ത്രി തോമസ് ഐസക്ക് ധനസമാഹരണത്തിനായി എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിക്കാണ് മുഖ്യമന്ത്രി അമേരിക്കന്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തത്. ക്രൗഡ് ഫണ്ടിംഗ് അനിവാര്യമാണെന്ന് ചൂണ്ടികാട്ടിയ പിണറായി നാശനഷ്ടങ്ങൾ കണക്കാക്കി പുനർനിർമ്മാണം ഉണ്ടാകുമെന്നും വ്യക്തമാക്കി.