Crowdfunding For Drug: കുഞ്ഞു നിർവാനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം ... എല്ലാവരും കൂടെ വേണം
Kerala Couple start Crowdfunding For Drug: മറൈൻ എഞ്ചിനീയറായ സാരംഗ് മേനോനും സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഭാര്യ അദിതിയും സ്‌പൈനൽ മസ്‌കുലാർ അട്രോഫി രോഗനിർണയം നടത്തിയ നിർവാന് ഒരു ഡോസ് മരുന്ന് നൽകുന്നതിന് 17.5 കോടി രൂപ സ്വരൂപിക്കാനുള്ള നെട്ടോട്ടത്തിലാണ്.
കുഞ്ഞു ജീവനെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് കേരളത്തിലെ പാലക്കാടുള്ള ഈ ദമ്പതികൾ. ഇവർ മുംബൈയിലാണ് സ്ഥിരതാമസം. തങ്ങളുടെ കുഞ്ഞ് ജീവിതകാലം മുഴുവൻ കിടപ്പിലാകാതിരിക്കാൻ.. അവനെ രക്ഷിക്കാൻ ആവശ്യമായ മരുന്ന് വാങ്ങാൻ ഇവർക്ക് വേണ്ടത് ഒന്നും രണ്ടുമല്ല 17.5 കോടിയാണ്. അത് സ്വരൂപിക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ ദമ്പതികൾ.
മറൈൻ എഞ്ചിനീയർ സാരംഗ് മേനോനും സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഭാര്യ അദിതിയുമാണ് തങ്ങളുടെ മകനായ നിർവാൻറെ ചികിത്സയ്ക്കായി പണം തേടുന്നത്. നിർവാന് സ്‌പൈനൽ മസ്‌കുലാർ അട്രോഫി (SMA Type 2) എന്ന ഡീജനറേറ്റീവ് രോഗമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ രോഗത്തിനുള്ള മരുന്നായ നോവാർട്ടിസിന്റെ സോൾജെൻസ്മ (Zolgensma) യുടെ വില യുഎസിൽ 2.1 മില്യൺ ഡോളറാണ് അതായത് ഏതാണ്ട് 17.5 കോടി രൂപ. ഈ മരുന്ന് കുട്ടിക്ക് രണ്ട് വയസ്സ് തികയുന്നതിന് മുമ്പ് നൽകിയാൽ പേശികളുടെ കൂടുതൽ ശോഷണം തടയാനും ചലന നഷ്ടം തടയാനും സഹായിക്കും. ഇപ്പോൾ നിർവാന്റെ പ്രായം ഒരു വയസും 3 മാസവുമാണ്. എന്നാൽ ഈ മരുന്ന് ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ സോൾജെൻസ്മ അമേരിക്കയിൽ നിന്നും വാങ്ങേണ്ടതുണ്ട്.
Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ
ദമ്പതികൾ ഈ വിവരം ആരോഗ്യമന്ത്രി വീണ ജോർജ്ജിനോട് പറയുകയും സർക്കാരിന്റെ ഭാഗത്തുനിനും സാധ്യമായതെല്ലാം ചെയ്യുമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. അതിനായുള്ള ഫണ്ട് സ്വരൂപണം സർക്കാരിന്റെ ഭാഗത്തു നിന്നും നടത്തുന്നുണ്ട്. തങ്ങളുടെ മുന്നിലുള്ള പ്രയാസമേറിയ ഈ വെല്ലുവിളി മറികടക്കാൻ ജനങ്ങൾ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞു നിവാന്റെ മാതാപിതാക്കൾ.
2021 ജൂലായിൽ 18 മാസം പ്രായമുള്ള മുഹമ്മദിനും 2022 ഏപ്രിലിൽ രണ്ട് വയസ്സുള്ള ഗൗരി ലക്ഷ്മിക്കും സോൾജെൻസ്മ വാങ്ങാനുള്ള പണം സ്വരൂപിക്കുന്നതിനുള്ള വൻ ധനസമാഹരണ പരിപാടികൾക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് നമ്മുടെ കേരളം എന്നത് ശ്രദ്ധാർഹമാണ്. നിർവാനുവേണ്ടി ചലച്ചിത്ര താരം അഹാനയും തന്റെ ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ഇട്ടിട്ടുണ്ട്. അതിൽ താരം നിർവാന്റെ അസുഖ വിവരത്തെ കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. എല്ലാവരും സഹായിക്കണമെന്നും താരം പറയുന്നുണ്ട്. ഇനി പണമായി സഹായിക്കാൻ കഴിയാത്തവർ ഈ വീഡിയോ ഷെയർ ചെയ്യുനണത്തിനും താരം ആവശ്യപ്പെടുന്നുണ്ട്.