Kerala Covid 19 : കേരളത്തിലെ രൂക്ഷമായ കോവിഡ് വ്യാപനത്തിൽ സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ
കഴിഞ്ഞകാലങ്ങളിൽ കോവിഡ് പ്രതിരോധത്തിൽ കേരളം ഒന്നാം സ്ഥാനത്താണെന്നു പറഞ്ഞ് വിജയത്തിന്റെ ക്രഡിറ്റ് എടുത്തിരുന്നവരെ ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കാണുന്നില്ലെന്നും മുരളീധരൻ പരിഹസിച്ചു.
Thiruvananthapuram : കോവിഡ് വ്യാപനം രൂക്ഷമായതിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്തെത്തി. മഹാമാരിയെ കേരളം പ്രചാരവേലകൾക്കായി ഉപയോഗിച്ചെന്നും ഇതാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസമെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി. ശാസ്ത്രീയമായുള്ള പ്രതിരോധമാർഗ്ഗങ്ങൾ അവലംബിച്ചതുകൊണ്ടാണ് ഡൽഹിയും മഹാരാഷ്ട്രയിലുമൊക്കെ ജനജീവിതം സാധാരണനിലയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞകാലങ്ങളിൽ കോവിഡ് പ്രതിരോധത്തിൽ കേരളം ഒന്നാം സ്ഥാനത്താണെന്നു പറഞ്ഞ് വിജയത്തിന്റെ ക്രഡിറ്റ് എടുത്തിരുന്നവരെ ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കാണുന്നില്ലെന്നും മുരളീധരൻ പരിഹസിച്ചു. കോവിഡ് വ്യാപനം തുടങ്ങിയതുമുതൽ ഒരുവർഷത്തോളം എല്ലാ ദിവസവും വാർത്താസമ്മേളനം നടത്തി 'കരുതലിന്റെ പാഠം' പഠിപ്പിക്കുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെയും ഇപ്പോൾ കാണാനില്ലെന്ന് മുരളീധരൻ പരിഹസിച്ചു. കേരളം രാജ്യത്തിന് മുഴുവൻ വെല്ലുവിളിയാകുന്ന സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ (Covid Protocol) പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്നലെ ആരോപിച്ചിരുന്നു. കോവിഡ് രോഗികളുടെ എണ്ണം 38 ലക്ഷം കവിഞ്ഞിട്ടും കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യഡേറ്റ കേരളം മാത്രം മറച്ചുവയ്ക്കുകയാണ്. ഇത് മൂന്നാം തരംഗം തടയുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനെ തടസപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: Covid update kerala: 31,445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; TPR 19.03, മരണം 215
ഇന്നലെ സംസ്ഥാനത്ത് 31,445 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് സ്ഥിരീകരിക്കുന്ന കോവിഡ് കണക്കുകളിൽ 60 ശതമാനം കേസുകളും കേരളത്തിലാണ് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 19.03 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇതും ആശങ്ക വർധിപ്പിക്കുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 46,164 പേർക്ക് കൂടിയാണ് കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് കോവിഡ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിനു മുകളിലെത്തിയ അഞ്ചു തദ്ദേശ സ്ഥാപന വാർഡുകളിൽ ഇന്നലെ കർശന ലോക്ഡൗൺ ഏർപ്പെടുത്തി. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ നാല്, അഞ്ച്, പത്ത് വാർഡുകൾ, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 14, 20 വാർഡുകൾ, വർക്കല മുനിസിപ്പാലിറ്റിയിലെ 24-ാം വാർഡ് എന്നിവിടങ്ങളിലാണു കർശന ലോക്ഡൗൺ ഏർപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...