Kerala Economic Crisis | ക്ഷേമപെൻഷൻ വിതരണം ഉൾപ്പെടെ പ്രതിസന്ധിയാകും, 5600 കോടി രൂപ കൂടി കടമെടുപ്പ് പരിധിയിൽ നിന്ന് കുറച്ചു
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് നീങ്ങുമ്പോഴാണ് കേന്ദ്രത്തിന്റെ കടുംവെട്ട്. ഈ വർഷം ആകെ 45,689.61 കോടി കേരളത്തിന് കടമെടുക്കാം എന്നതായിരുന്നു കേന്ദ്രം നൽകിയിരുന്ന കണക്ക്.
സാമ്പത്തിക വർഷത്തിന്റെ അവസാനവാരം സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കി വീണ്ടും കേന്ദ്രം. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചു. അവസാനപാദ കടമെടുപ്പ് പരിധിയിൽ 5600 കോടി രൂപയാണ് കേന്ദ്രം വെട്ടിച്ചുരുക്കിയത്. ഇതോടെ ക്ഷേമപെൻഷൻ വിതരണം ഉൾപ്പെടെയുള്ള ചിലവുകളിൽ സർക്കാർ പ്രതിസന്ധി നേരിടുമെന്നുള്ള കാര്യം ഉറപ്പായി.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് നീങ്ങുമ്പോഴാണ് കേന്ദ്രത്തിന്റെ കടുംവെട്ട്. ഈ വർഷം ആകെ 45,689.61 കോടി കേരളത്തിന് കടമെടുക്കാം എന്നതായിരുന്നു കേന്ദ്രം നൽകിയിരുന്ന കണക്ക്. എന്നാൽ, ഇത് ഒരുപരിധി വരെ വെട്ടി ചുരുക്കുകയാണ്. സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ ഡിസംബർ വരെ മൂന്ന് പാദങ്ങളിലെ തുക ഒരുമിച്ചും ജനുവരി മുതൽ മാർച്ച് വരെയുള്ള തുക പിന്നീടും എന്ന നിലയിലാണ് കടമെടുപ്പിന് കേന്ദ്രം അനുമതി നൽകുന്നത്. ഡിസംബർ വരെ പൊതുവിപണിയിൽ നിന്ന് 23,852 കോടി രൂപ സമാഹരിക്കാൻ കേന്ദ്രസർക്കാരിൻ്റെ അനുമതിയും സംസ്ഥാനം തേടിയിരുന്നു.
സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ കേരളം 7437.61 കോടിയാണ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. പക്ഷേ 1838 കോടി മാത്രം അനുവദിച്ചുകൊണ്ട് കേന്ദ്രം അവിടെയും സംസ്ഥാനത്തെ തഴയുകയായിരുന്നു.പല പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന കേരളം അടുത്തിടെയായി നല്ല സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ട്.
കേന്ദ്രസർക്കാർ കടമെടുപ്പ് പരിധി കുറച്ചതും വായ്പ പരിധി ചുരുക്കിയതും സംസ്ഥാനത്തിന് അർഹതപ്പെട്ടത് നൽകാതിരിക്കുകയുമൊക്കെ ചെയ്യുന്നതാണ് ഇതിന് കാരണമെന്ന് കേരളം നേരത്തെ തന്നെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, പദ്ധതികൾക്ക് അനുസൃതമായി കേന്ദ്രം പരമാവധി സഹായം അനുവദിക്കുന്നുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
പി എഫും ട്രഷറി നിക്ഷേപങ്ങളും അടങ്ങുന്ന പബ്ലിക് അക്കൗണ്ടിലെ പണം സംസ്ഥാനത്തിന്റെ കടപരിധിയിൽ ഉൾപ്പെടുത്തിയതിനൊപ്പം കഴിഞ്ഞവർഷത്തെ കണക്കുനോക്കി കട'പരിധി നിശ്ചയിക്കുന്നതിന് പകരം മൂന്നു വർഷത്തെ ശരാശരി കണക്കാക്കിയതും ആണ് സംസ്ഥാനത്തിന് തിരിച്ചടിയായത്. മാത്രമല്ല, സാമ്പത്തിക പ്രതിസന്ധിക്കിടെ 5,600 കോടിയുടെ അപ്രതീക്ഷിത കുറവ് കൂടി വന്നതോടെ ഇക്കൊല്ലം അവസാനവാരം നടത്തേണ്ട ചിലവുകൾ തടസ്സപ്പെടുന്ന സ്ഥിതിയും നിലവിലുണ്ട്.
ക്ഷേമ പെൻഷനുകൾ ഇപ്പോൾ തന്നെ അഞ്ചുമാസം മുടങ്ങിയിരിക്കുകയാണ്. ഓഗസ്റ്റിനുശേഷം പിന്നീട് ഇങ്ങോട്ട് കൊടുത്തു തീർത്തിട്ടില്ല.വൈദ്യുതി മേഖലയിൽ നടപ്പാക്കിയ പരിഷ്കരണങ്ങളുടെ പേരിൽ 5000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ടതുണ്ട്. കേന്ദ്രം ഇക്കാര്യത്തിലെങ്കിലും അനുകൂലം തീരുമാനം എടുക്കുമോ എന്നതാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. വരുംകാലങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ സാമ്പത്തിക പ്രതിസന്ധി കാരണം തടസ്സപ്പെടുമോ എന്നുള്ള ആശങ്കയും സംസ്ഥാനത്തിനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.