തിരുവനന്തപുരം: ഈ വര്‍ഷത്തെ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അഞ്ച് വിഭാഗങ്ങളിലായാണ് അവാര്‍ഡുകളും പ്രശസ്തി പത്രങ്ങളും പ്രഖ്യാപിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍ വിഭാഗത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും, ടാറ്റാ ഗ്ലോബല്‍ ബിവറേജസ് മൂന്നാറും അവാര്‍ഡ് കരസ്ഥമാക്കി. കൊച്ചിയിലെ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ഈ വിഭാഗത്തില്‍ പ്രശസ്തി പത്രത്തിനര്‍ഹമായി. 
ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍ വിഭാഗത്തില്‍ കോഴിക്കോട് മില്‍മ യൂണിറ്റിന് അവാര്‍ഡും, വയനാട് മില്‍മ യൂണിറ്റിന് പ്രശസ്തി പത്രവും ലഭിച്ചു. 


കെട്ടിടങ്ങള്‍ വിഭാഗത്തില്‍ കോട്ടക്കലിലെ വൈദ്യരത്‌നം പി.എസ്. വാര്യര്‍ ആയുര്‍വേദ കോളേജ് അവാര്‍ഡിനര്‍ഹമായി. ഇടശ്ശേരി എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കുമരകം ലേക്ക് സോംഗ് റിസോര്‍ട്ട് പ്രശസ്തി പത്രവും നേടി. 
പീലിക്കോട് ഗ്രാമപഞ്ചായത്താണ് സ്ഥാപനങ്ങള്‍ വിഭാഗത്തില്‍ അവാര്‍ഡിനര്‍ഹമായത്. സതേണ്‍ റയില്‍വേ പാലക്കാട് ഡിവിഷന്റെ ഇലക്ട്രിക്കല്‍ വകുപ്പും, മീനങ്ങാടി ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജും ഈ വിഭാഗത്തില്‍ പ്രശസ്തി പത്രത്തിനര്‍ഹമായി.


വ്യക്തിഗത വിഭാഗത്തില്‍ ജയ്ഭാരത് കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്റ് എഞ്ചിനീയറിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നിസാം റഹ്മാനിന് അവാര്‍ഡ് ലഭിച്ചു. അവാര്‍ഡുകള്‍ ഡിസംബര്‍ 15-ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ശ്രീകാര്യം മാനേജ്‌മെന്റ് സെന്റര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം.എം. മണി വിതരണം ചെയ്യും. 


കേരളത്തില്‍ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് എനര്‍ജി മാനേജ്‌മെന്റ് സെന്ററാണ്.