കൊച്ചി: കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനും നാശ നഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി കേന്ദ്ര സംഘം കൊച്ചിയിലെത്തി. ധനകാര്യ വകുപ്പിൽ നിന്നു അഷുമെത്തൂർ, ജല വിഭവ വകുപ്പിൽ നിന്ന് ടിഎസ് മെഹ്‍റ, ദേശീയ ദുരന്ത നിവാരണ സേനയിൽ നിന്ന് അനിൽകുമാർ സാഗി എന്നിവരാണ് എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എറണാകുളം ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംഘം ആലപ്പുഴയ്ക്കും പിന്നീട് കൊല്ലത്തേക്കും പോകും. ഈ ജില്ലകളിലെ കളക്ടർമാരുമായി ചർച്ച നടത്തുന്ന സംഘം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും മടങ്ങുക.


ദുരന്തം നേരിട്ട 12 ജില്ലകളിലും കേന്ദ്രസംഘം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തും. 11 പേരടങ്ങുന്ന കേന്ദ്രസംഘത്തിന്‍റെ ടീം ലീഡര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറി ബി.ആര്‍. ശര്‍മ്മയാണ്. ഡോ. ബി.രാജേന്ദ്രര്‍‍, വന്ദന സിംഗാള്‍ എന്നിവരാണ് മറ്റു ടീമംഗങ്ങള്‍. ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് ഈ ടീം സന്ദര്‍ശനം നടത്തുന്നത്.


നീതി ആയോഗില്‍ ഉപദേശകനായ ഡോ.യോഗേഷ് സുരിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ടീം തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. ഡോ. ദിനേശ് ചന്ദ്, വി.വി.ശാസ്ത്രി എന്നിവരാണ് ടീം രണ്ടിലെ മറ്റ് അംഗങ്ങള്‍.


ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എ.വി.ധര്‍മ്മ റെഡ്ഡി, ഗ്രാമവികസന ഡയറക്ടര്‍ ധരംവീര്‍ഛാ എന്നിവരടങ്ങുന്ന മൂന്നാമത്തെ സംഘം കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പര്യടനം നടത്തും.


ആഷൂമാത്തൂര്‍ നയിക്കുന്ന നാലാമത്തെ ടീം എറണാകുളം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകള്‍ സന്ദര്‍ശിച്ച് പ്രളയദുരിതങ്ങള്‍ വിലയിരുത്തും. ടി.എസ്.മെഹ്‌റ, അനില്‍കുമാര്‍ എന്നിവരടങ്ങുന്നതാണ് ടീം നാല്.


അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ വിവിധ ജില്ലാ കളക്ടര്‍മാര്‍ ഐ.എം.ടി.സിയുടെ നോഡല്‍ ഓഫീസര്‍ ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ പ്രളയദുരിതം സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര സംഘത്തെ ധരിപ്പിക്കും. സെപ്റ്റംബര്‍ 24ന് കേന്ദ്ര സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖ്യമന്ത്രിയുടെ ചേംബറില്‍ ചര്‍ച്ച നടത്തിയതിന് ശേഷം മടങ്ങും.