തിരുവനന്തപുരം: പ്രളയം കാരണം വൈദ്യുതി ബോര്‍ഡിന് ഉണ്ടായത് വന്‍ നഷ്ടം. 820 കോടി രൂപയാണ് ബോര്‍ഡിന് ഉണ്ടായ നഷ്ടം. നഷ്ടം നികത്താന്‍ വൈദ്യുതി നിരക്ക് ഉയര്‍ത്തിയേക്കാന്‍ സാധ്യതയുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രളയത്തില്‍ നാല് വൈദ്യതി ഉല്‍പാദന കേന്ദ്രങ്ങള്‍ക്കാണ് കേട് സംഭവിച്ചത്. വൈദ്യുതി വിതരണ ശൃംഖലയ്ക്കും വലിയ നാശം ഉണ്ടായി. ഇത് 350 കോടി രൂപവരും. ഇതിന് പുറമേ വൈദ്യുതി വിതരണം വ്യാപകമായി തടസ്സപ്പെട്ടതുകൊണ്ട് ഉണ്ടായ വരുമാന നഷ്ടം 470 കോടി രൂപ.


നഷ്ടപ്പെട്ട തുക അതേപടി ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കാനാകില്ലെങ്കിലും നഷ്ടപ്പെട്ട ആസ്തികള്‍ക്ക് പകരം പുതിയത് വാങ്ങാനുള്ള വായ്പയുടെ പലിശ ചിലവായി കണക്കാനാകും. പുതിയ ആസ്തികളുടെ തേയ്മാനവും ചിലവായി കൂട്ടാം. അടുത്ത തവണ റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി നിരക്ക് നിശ്ചയിക്കുമ്പോള്‍ ഈ ചിലവുകൂടി പരിഗണിക്കും. എത്രകൂടമെന്നതില്‍ ഇപ്പോള്‍ വ്യക്തതയില്ല.


അതേസമയം വൈദ്യുതി വിതരണം മുടങ്ങിയ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ വേഗം പുരോഗമിക്കുന്നു. പ്രളയത്തില്‍ ഓഫാക്കിയ 50 സബ്‌സ്റ്റേഷനുകളില്‍ 3 എണ്ണമൊഴികെ എല്ലാം പ്രവര്‍ത്തനം തുടങ്ങി. വൈദ്യുതി മുടങ്ങിയ 25 ലക്ഷത്തിലധികം വീടുകളില്‍ ഇനി മുപ്പതിനായിരം കൂടിയേ പുനസ്ഥാപിക്കാനുള്ളു. വൈദ്യതി വിതരണം പുനസ്ഥാപിക്കാത്ത വീടുകള്‍ കൂടുതലും ആലപ്പുഴ ജില്ലയിലാണ്.