Arikkomban: അരിക്കൊമ്പൻ ദൗത്യം നാളെ; കാട്ടാനയെ മാറ്റുന്ന സ്ഥലം വെളിപ്പെടുത്താതെ വനം വകുപ്പ്
Mission Arikkomban: പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സ്ഥലം വെളിപ്പെടുത്താൻ വനം വകുപ്പ് തയ്യാറാകാത്തത്.
ഇടുക്കി: അരിക്കൊമ്പൻ ദൗത്യം നാളെ (ഏപ്രിൽ 28 വെള്ളിയാഴ്ച) പുലർച്ചെ ആരംഭിക്കും. കാലാവസ്ഥ അനുകൂലമായാൽ ദൗത്യം നാളെ തന്നെ പൂർത്തിയാക്കാൻ കഴിയുമെന്ന് വനം വകുപ്പ് അറിയിച്ചു. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിൽ പൂർണമായും ശാന്തൻപാറ പഞ്ചായത്തിന്റെ 1, 2 ,3 വാർഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കും. നാളെ ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസം തുടരുമെന്നും കോട്ടയം ഡി എഫ് എൻ രാജേഷ് പറഞ്ഞു.
നാളുകൾ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് അരിക്കൊമ്പൻ ദൗത്യം നാളെ ആരംഭിക്കുന്നത്. പുലർച്ചെ 4.30ന് ദൗത്യം ആരംഭിക്കും. 150 ഓളം വരുന്ന ദൗത്യ സംഘമാണ് പ്രവർത്തിക്കുന്നത്. ദൗത്യത്തിനു മുന്നോടിയായി കോട്ടയം സർക്കിൾ സിസിഎഫ് അരുൺ ആർഎസ്എസിന്റെ നേതൃത്വത്തിൽ ചിന്നക്കനാലിൽ വനം, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ് എന്നീ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച വിശദമായ യോഗം ചേർന്നു. ദൗത്യ സംഘത്തിലെ അംഗങ്ങൾക്ക് ഏത് തരത്തിൽ പ്രവർത്തിക്കണമെന്നതിനെ സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകി.
ALSO READ: അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രത
രാവിലെ 4.30ന് ദൗത്യം ആരംഭിച്ചാൽ 7 മണിയുടെ മയക്കുവെടി വെയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ ദൗത്യം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് വനം വകുപ്പിൻറെ പ്രതീക്ഷ. ഇതിന് സാധിച്ചില്ലെങ്കിൽ വീണ്ടും അടുത്ത ദിവസത്തേക്ക് ദൗത്യം നീളും. അതേസമയം, മയക്കുവെടി വെച്ച് അരിക്കൊമ്പനെ എവിടേക്ക് കൊണ്ടുപോകും എന്നതിനെ സംബന്ധിച്ച് ഇപ്പോൾ പറയാൻ കഴിയില്ല എന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. എന്നാൽ ഇടുക്കിയിലെ പെരിയാർ ടൈഗർ റിസർവ്വും അഗസ്ത്യാർകൂടവും വനം വകുപ്പ് പരിഗണിക്കുന്നതായാണ് സൂചന. കൊണ്ടുപോകുന്ന സ്ഥലത്തെ സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയാൽ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വനം വകുപ്പ് സ്ഥലം സംബന്ധിച്ച സൂചനകൾ പുറത്ത് വിടാത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy