സപ്ലൈകോയിൽ മൂന്നിനങ്ങൾ കൂടി സബ്സിഡിയാക്കും; സാധ്യത സർക്കാർ പരിശോധിക്കുന്നു
ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവിരാമൻ (ചെയർമാൻ), പൊതുവിതരണ സംവിധാനം സെക്രട്ടറി, സപ്ലൈകോ ചെയർമാൻ എന്നിവരടങ്ങുന്നതാണ് വിദഗ്ദ്ധ സമിതി
തിരുവനന്തപുരം: സപ്ലൈകോ വഴി വിൽക്കുന്ന ഏതാനും സാധനങ്ങൾക്ക് കൂടി സബ്സിഡി നല്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നു. സബ്സിഡി സാധനങ്ങളുടെ വില പരിഷ്കരിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതി ഇക്കാര്യം പരിഗണിക്കും. ഇതിനുപുറമെ കൂടുതൽ മേഖലകളിൽ ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകാനും സർക്കാർ വിദഗ്ദ്ധ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്
ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവിരാമൻ (ചെയർമാൻ), പൊതുവിതരണ സംവിധാനം സെക്രട്ടറി, സപ്ലൈകോ ചെയർമാൻ എന്നിവരടങ്ങുന്നതാണ് വിദഗ്ദ്ധ സമിതി. സപ്ലൈകോയുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനൊപ്പം പൊതുജനങ്ങൾക്ക് അമിതഭാരം ഉണ്ടാകാതിരിക്കാൻ വില പരിഷ്കരിക്കാനും നിർദ്ദേശമുണ്ട്.
നിലവിൽ 13 ഇനങ്ങളാണ് സപ്ലൈകോ സബ്സിഡിയോടെ വില്ക്കുന്നത്. ഇത് 15 അല്ലെങ്കിൽ 16 ആക്കി ഉയർത്താനുള്ള സാധ്യതയാണ് സർക്കാർ പരിശോധിക്കുന്നത്. ഇവ വിലയിരുത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം.
പണപ്പെരുപ്പം അവലോകനം ചെയ്യാൻ
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കാലാനുസൃതമായി അവലോകനം ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല സമിതി രൂപീകരിക്കാൻ സർക്കാർ ഉത്തരവിറക്കി. നാലുമാസത്തിലൊരിക്കൽ സമിതി യോഗം ചേർന്ന് വിലക്കയറ്റം വിലയിരുത്തും.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.