Endosulfan : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസമടക്കമുള്ള ആശ്വാസ-ചികിത്സാ നടപടികളിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളിലാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു
ദുരിതബാധിത കുടുംബങ്ങള്‍ക്ക് 200 യൂണിറ്റ് വരെ വൈദ്യുതി ഇളവും ദുരിതബാധിതരെ പരിചരിക്കാൻ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും ചികിത്സയ്ക്ക് സൗജന്യയാത്രാസൗകര്യവും ഏര്‍പ്പെടുത്തി.
THiruvananthapuram : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ (Endosulfan Victims) പുനരധിവാസമടക്കമുള്ള ആശ്വാസ-ചികിത്സാ നടപടികളിൽ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളിലാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റെമഡിയല്‍ സെല്ലിന്റെ പ്രവര്‍ത്തനം മുടക്കം കൂടാതെ നടന്നുവരുന്നുണ്ട്. പുതിയ നിയമസഭ നിലവിൽവന്ന സാഹചര്യത്തിൽ സെൽ പുനഃസംഘടിപ്പിക്കാൻ നടപടിയെടുത്തുവരികയാണ് - മന്ത്രി നിയമസഭയെ അറിയിച്ചു.
ദുരിതബാധിതർക്കായി നടത്തിയ പ്രവർത്തനങ്ങൾ മന്ത്രി സഭയിൽ വിശദീകരിച്ചു. നഷ്ടപരിഹാര സാമ്പത്തികസഹായമായി 171 കോടി രൂപയും ചികിത്സാസഹായമായി 16.83 കോടി രൂപയും വായ്പ എഴുതിത്തള്ളിയ ഇനത്തില്‍ 6.82 കോടി രൂപയും പെന്‍ഷനായി 81.42 കോടി രൂപയും ദുരിതബാധിതരെ പരിചരിക്കുന്നവര്‍ക്കുള്ള പെന്‍ഷന്‍ ഇനത്തില്‍ 4.54 കോടി രൂപയും ദുരിതബാധിത കുടുംബത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്കോളര്‍ഷിപ്പിനത്തില്‍ 4.44 കോടി രൂപയും സൗജന്യറേഷന്‍ ഇനത്തില്‍ 82 ലക്ഷം രൂപയും നല്‍കി.
ദുരിതബാധിത കുടുംബങ്ങള്‍ക്ക് 200 യൂണിറ്റ് വരെ വൈദ്യുതി ഇളവും ദുരിതബാധിതരെ പരിചരിക്കാൻ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും ചികിത്സയ്ക്ക് സൗജന്യയാത്രാസൗകര്യവും ഏര്‍പ്പെടുത്തി. സുപ്രീംകോടതി വിധിപ്രകാരം 285.17 കോടി രൂപ നഷ്ടപരിഹാരവും ദുരിതബാധിതർക്ക് നല്‍കി. ബുദ്ധിമാന്ദ്യം ബാധിച്ച 1498 പേര്‍ക്ക് 30,38,50,000 രൂപയും, കിടപ്പിലായ 269 പേര്‍ക്ക് 13,45,00,000 രൂപയും ഇതിനകം നല്‍കി. കാന്‍സര്‍ ബാധിതരായ 699 പേരില്‍ 580 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ആകെ 17,40,00,000 രൂപ നല്‍കി. ശരീരവൈകല്യം വന്ന 1189 പേരില്‍ 988 പേര്‍ക്ക് മൂന്നുലക്ഷം രൂപ വീതം ആകെ 29,64,00,000 രൂപ നല്‍കി.
ദുരിതബാധിതര്‍ക്ക് മൂന്നു രീതിയില്‍ സ്നേഹസാന്ത്വനം പദ്ധതി നടപ്പാക്കി വരുന്നു. വികലാംഗപെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 1700 രൂപ വീതവും (1413 പേര്‍ക്ക്), വികലാംഗപെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് പ്രതിമാസം 2200 രൂപ വീതവും (1432 പേര്‍ക്ക്), മറ്റ് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് 1200 രൂപ വീതവും (2501 പേര്‍ക്ക്) നൽകിവരുന്നുണ്ട്. ഇങ്ങനെ ആകെ 5346 പേര്‍ സ്നേഹസാന്ത്വനം ഗുണഭോക്താക്കളായുണ്ട്. 2021-22 സാമ്പത്തികവര്‍ഷത്തില്‍ ഈ സെപ്‌തംബർ 30 വരെ 4,32,00,075 രൂപ ഈ പദ്ധതിയില്‍ ആനുകൂല്യമായി നല്‍കി.
ALSO READ: Kerala Exporting| നമ്മൾ കയറ്റി അയക്കുന്നു: ചക്കയും പാഷൻ ഫ്രൂട്ടും ജാതിക്കയും
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിച്ചതും ഊര്‍ജ്ജിതമായി നടന്നുതുടങ്ങിയതും കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ്. മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ നടന്നുവരികയാണ്. മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ 272 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു. ദുരിതബാധിതരുടെ സമഗ്രപുനരധിവാസത്തിന് കാസര്‍ഗോഡ് മൂളിയാറില്‍ തുടങ്ങുന്ന പുനരധിവാസ വില്ലേജിന്റെ ആദ്യഘട്ട നിര്‍മ്മാണത്തിന് അഞ്ച് കോടി രൂപ അനുവദിച്ചു. പുനരധിവാസ വില്ലേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ നിയമിച്ച് ഉത്തരവായി - മന്ത്രി നിയമസഭയെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...