തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ ഇപ്പോഴും സർക്കാരിന് താല്പര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സൗകര്യങ്ങളും സാഹചര്യവുമൊരുക്കാൻ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേരള മുഖ്യമന്ത്രി ചർച്ച നടത്തുകയാണ് വേണ്ടതെന്നും ബസ് അടക്കമുള്ള സൗകര്യങ്ങളൊരുക്കി അവരെയെല്ലാം നാട്ടിലെത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. 


മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവർ സ്വന്തം നിലയ്ക്ക് അതിർത്തിയിലെത്തിയാൽ ഞങ്ങൾ അതിർത്തി കടത്തി വിട്ടുകൊള്ളാം എന്ന നിലപാട് സർക്കാറിന്റെ ആത്മാർത്ഥതയില്ലായ്മയാണ് വ്യക്തമാക്കുന്നതെന്നും അതിർത്തിയിലെത്തുന്നവർ പരിശോധനകൾക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയുണ്ടായത് ഇന്ന് കാണാനായിയെന്നും അദ്ദേഹം പറഞ്ഞു. 


കർണ്ണാടകം, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ അടുത്തുള്ള സംസ്ഥാനങ്ങളിലാണ് കൂടുതൽ മലയാളികളുള്ളത്. ഇവരെ നാട്ടിലെത്തിക്കാൻ ബസ്സുകൾ ഏർപ്പെടുത്താവുന്നതാണ്. ഇതിനുള്ള ഒരു ശ്രമവും കേരളം ഇതുവരേയും നടത്തിയിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലെ മലയാളികളുടെ കേരളത്തിലേക്കുള്ള മടക്കം സംബന്ധിച്ച കേരളത്തിന്റെ ഉത്തരവ് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.  


കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെ നാടുകളിൽ എത്തിക്കാൻ ട്രയിനുകൾ ഇതിനകം പുറപ്പെട്ടു കഴിഞ്ഞു. കാലിയായി തിരികെ വരുന്ന ട്രെയിനുകളിൽ അവിടെയുള്ള മലയാളികളെയും നാട്ടിലെത്തിക്കാമെങ്കിലും അതിനുള്ള സാധ്യതകൾ കേരളം ഉപയോഗിച്ചില്ലയെന്നും അദ്ദേഹം പറഞ്ഞു. 


തീവണ്ടികൾ ഏർപ്പെടുത്തുന്നതിന് റെയിൽവേയുമായി ചർച്ച നടത്തുകയും കൂടാതെ തൊട്ടടുത്ത സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കായി ബസ്സുകളും കേരളം ഏർപ്പെടുത്തണമെന്നും പറഞ്ഞ സുരേന്ദ്രൻ സംസ്ഥാന സർക്കാരിന് എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ ശരിയായ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടു.