തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നത് സർക്കാരിൻ്റെ അലംഭാവം മൂലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

മടങ്ങിയെത്തിയ പ്രവാസികളുടെ ക്വാറൻ്റയിനിൽ വെള്ളം ചേർത്തതും ലോക്ഡൗൺ ഇളവുകളിലെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാത്തതുമാണ് ഇപ്പോഴത്തെ ഗുരുതര സ്ഥിതിക്ക് കാരണമെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.


എല്ലാ മേഖലകളും നിയന്ത്രണമില്ലാതെ തുറന്നുകൊടുത്തതിലൂടെ ലോക്ഡൗണിലൂടെ നേടിയ പ്രതിരോധത്തിൻ്റെ ഗുണവും ഇല്ലാതായി. സംസ്ഥാനത്ത് പരിശോധനകൾ കുറവാണെന്നത് വളരെ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്.


രോഗ ലക്ഷണങ്ങളുള്ളവരെ പോലും പരിശോധന നടത്താതെ നിരീക്ഷണത്തിൽ വെക്കുകയാണ്.  പരിശോധനകളുടെ എണ്ണം കുറച്ച് കേരളം നമ്പർ വണ്ണാണ് എന്ന് സ്ഥാപിക്കാനുള്ള സർക്കാരിൻ്റെ ശ്രമം ഇപ്പോൾ വലിയ ദുരന്തത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.


കേരളത്തിൽ കൊറോണ വൈറസ് സമൂഹ വ്യാപനം നടത്തിയിട്ടുണ്ടെന്ന് ഐഎംഎ പോലുള്ള സംഘടനകൾ പറഞ്ഞിട്ടും സർക്കാർ അത് അംഗീകരിക്കുന്നില്ല. സമൂഹ വ്യാപനം സ്ഥിരീകരിച്ചാൽ അതിനനുസരിച്ചുള്ള പ്രോട്ടോകോൾ പ്രകാരം പ്രതിരോധ നടപടികളിലേക്ക് തിരിയണം.


സ്ഥിതി ഗുരുതരമായ സ്ഥലങ്ങളിലെങ്കിലും എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം. രോഗികളുടെ എണ്ണം കൂടുന്നത് കേരളത്തിൻ്റെ പേര് നഷ്ടപ്പെടുത്തുമെന്ന സർക്കാരിൻ്റെ ദുർവാശി സംസ്ഥാനത്ത് വലിയ ദുരന്തത്തിന് വഴിവെക്കുകയും മരണനിരക്ക് വർധിക്കാൻ ഇടയാക്കുകയും ചെയ്യുമെന്ന് സുരേന്ദ്രൻ പറഞ്ഞു