ഹർത്താൽ; കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ്, കാട്ടാക്കടയിൽ സ്റ്റാൻഡിനുള്ളിൽ ബസുകൾ തടഞ്ഞു
ഗതാഗത തടസ്സമില്ലാതെയുള്ള ഹർത്താൽ നടത്തണമെന്ന് പോലീസ് സമരക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ കാട്ടാക്കട ബസ്റ്റാൻഡ് മുന്നിലും ബസ് സ്റ്റേഷനിലും എസ്ഡിപിഐ പ്രവർത്തകർ ബസുകൾ തടയുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ വാഹനങ്ങൾക്ക് നേരെ കല്ലേറ്. തിരുവനന്തപുരം, പന്തളം, ആലപ്പുഴ, കോഴിക്കോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായത്. കാട്ടാക്കടയിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിൽ ബസുകൾ തടഞ്ഞു. ഇവരുമായി പോലീസ് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഗതാഗത തടസ്സമില്ലാതെയുള്ള ഹർത്താൽ നടത്തണമെന്ന് പോലീസ് സമരക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ കാട്ടാക്കട ബസ്റ്റാൻഡ് മുന്നിലും ബസ് സ്റ്റേഷനിലും എസ്ഡിപിഐ പ്രവർത്തകർ ബസുകൾ തടയുകയാണ്. ക്യാമ്പ് പോലീസ് ഉൾപ്പെടെയുള്ള സംഘം ബസ് സ്റ്റാൻഡിലേക്ക് എത്തിയിട്ടുണ്ട്. വൻ പോലീസ് സന്നാഹമാണ് ഇവിടുള്ളത്.
ആലപ്പുഴ വളഞ്ഞവഴിയിലും വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. രണ്ട് കെഎസ്ആർടിസി ബസുകൾ, ടാങ്കർ ലോറി, ട്രെയിലർ ലോറി, കാർ എന്നിവയുടെ ചില്ല് തകർന്നു. കല്ലെറിഞ്ഞവർ ബൈക്കിൽ രക്ഷപ്പെട്ടു. വയനാട് പനമരം ആറാം മൈൽ മുക്കത്ത് ഹർത്താലനുകൂലികൾ കെഎസ്ആർടിസി ബസിന്റെ ചില്ലെറിഞ്ഞു തകർത്തു. പന്തളത്തും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. പന്തളത്തും KSRTC ബസിന് നേരെ കല്ലേറുണ്ടായി. പന്തളം KSRTC സ്റ്റാൻ്റിൽ നിന്നും ഇറങ്ങിയപ്പോഴാണ് ബസിന് നേരേ കല്ലേറ് നടന്നത്. കല്ലേറിൽ ഡ്രൈവറുടെ കണ്ണിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പന്തളത്ത് നിന്നും പെരുമണ്ണിന് പോയ ഓർഡിനറി ബസിന് നേരേയാണ് കല്ലേറുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...