സംസ്ഥാനത്ത് 84,000 അതിദരിദ്ര കുടുംബങ്ങളെന്ന് സർവേ, കുറവ് കോട്ടയത്ത്, മലപ്പുറത്ത് 16,055 കുടുംബങ്ങൾ
ഇത്തരത്തിലൊരു സർവേയിലൂടെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രധാനമായും ലക്ഷമിടുന്നത് 5 വർഷം കൊണ്ട് കേരളത്തിൽ ദാരിദ്ര്യം പൂർണമായും ഒഴിവാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയെന്നതാണ്.
ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം ആണെന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് അതിദാരിദ്ര്യം അനുഭവിക്കുന്നത് 84,000 കുടുംബങ്ങളാണെന്ന് കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അതിദാരിദ്ര്യ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്താദ്യമായാണ് ജനപങ്കാളിത്തത്തോടെ ഇത്തരമൊരു സർവേ.
കോട്ടയത്താണ് ഏറ്റവും കുറവ് അതിദാരിദ്ര്യ കുടുംബങ്ങളുള്ളത്. ജില്ലയിൽ അതിദാരിദ്ര്യമുള്ള 1119 കുടുംബങ്ങളാണുള്ളത്. എന്നാൽ നീതി ആയോഗിന്റെ കണക്ക് പ്രകാരം രാജ്യത്ത് ദാരിദ്ര്യമില്ലാത്ത ഏക ജില്ലയായിരുന്നു കോട്ടയം. ഏറ്റവും കൂടുതൽ അതിദരിദ്ര കുടുംബങ്ങൾ ഉള്ളത് മലപ്പുറത്താണ് -16,055 കുടുംബങ്ങളാണ് ഇവിടുള്ളത്.
തിരുവനന്തപുരം 8395, കൊല്ലം 4823, ആലപ്പുഴ 4488, പത്തനംതിട്ട 3654, ഇടുക്കി 3152, എറണാകുളം 6756, തൃശ്ശൂർ 6215, പാലക്കാട് 7088, വയനാട് 3690, കോഴിക്കോട് 9513, കണ്ണൂർ 6327, കാസർകോട് 2863 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.
ഇത്തരത്തിലൊരു സർവേയിലൂടെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രധാനമായും ലക്ഷമിടുന്നത് 5 വർഷം കൊണ്ട് കേരളത്തിൽ ദാരിദ്ര്യം പൂർണമായും ഒഴിവാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയെന്നതാണ്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളുടെ വിവരങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. അന്തിമ ഫലം 20-ന് തദ്ദേശസ്ഥാപന തലത്തിൽ പ്രസിദ്ധീകരിക്കും.
നീതി ആയോഗിന്റെ (Niti Aayog) ദാരിദ്ര്യ സൂചികയിലാണ് സംസ്ഥാനങ്ങളുടെ ദാരിദ്ര്യ നിലവാരത്തിന്റെ പട്ടിക തയ്യാറാക്കിയത്. 2015-16 അടിസ്ഥാന വർഷമാക്കിയാണ് നീതി ആയോഗ് ദാരിദ്ര്യസൂചിക പ്രസിദ്ധീകരിച്ചത്. ഇതിൽ കേരളത്തിലായിരുന്നു ദരിദ്രരുടെ എണ്ണം ഏറ്റവും കുറവ്. 0.7 ശതമാനം മാത്രമായിരുന്നു ഇത്.
ഭക്ഷണത്തിലെ പോഷകാംശം, ശൈശവ-കൗമാര മരണനിരക്ക്, പ്രസവകാല ശുശ്രൂഷ, വിദ്യാഭ്യാസം, പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനം, കുടിവെള്ളം, സാനിറ്റേഷൻ, ബാങ്ക് അക്കൗണ്ട് തുടങ്ങിയ 12 ഘടകങ്ങൾ പരിഗണിച്ചാണ് നീതി ആയോഗ് ദാരിദ്ര്യസൂചിക കണക്കാക്കിയതെങ്കിൽ വരുമാനവുമില്ലത്തവർ, വീടില്ലാത്തവർ, 2 നേരം പോലും ഭക്ഷണം കിട്ടാത്തവർ, സൗജന്യ റേഷൻ പോലെ ഭക്ഷണം കിട്ടിയാലും പാകം ചെയ്ത് കഴിക്കാൻ സൗകര്യമില്ലാത്തവർ, ആരോഗ്യമില്ലത്തവരും കിടപ്പുരോഗികളും, രോഗം കൊണ്ട് കടംകയറിയവർ തുടങ്ങിയ ഘടകങ്ങളാണ് കേരളം പരിഗണിച്ചത്.
Also Read: ഏറ്റവും കുറവ് അതിദരിദ്ര കുടുംബങ്ങള്‍ ഉള്ളത് കോട്ടയം ജില്ലയില്‍, കോട്ടയത്തിൻറെ നേട്ടമെന്ന് മന്ത്രി
തിങ്കളാഴ്ചവരെ സബ്കമ്മിറ്റി അതിദരിദ്രരെന്ന് അംഗീകരിച്ചത് 84,138 കുടുംബങ്ങളെയാണ്. സർവേയും ഫോക്കസ് ഗ്രൂപ്പിന്റെ വിലയിരുത്തലും ഗ്രാമസഭകളുടെ പരിശോധനയും എല്ലാം കഴിഞ്ഞുള്ള റിപ്പോർട്ടാണിത്. പരിശോധനകൾ പൂർത്തിയായി അന്തിമഫലം വരുമ്പോൾ ചില ജില്ലകളിൽ ഏറ്റക്കുറച്ചിലുണ്ടാവാം. ഈ കുടുംബങ്ങളിലേറെയും ഒരംഗംവീതമാണുള്ളത്.
78.53 ലക്ഷം കുടുംബങ്ങളാണ് 2011-ലെ സെൻസസ് പ്രകാരം കേരളത്തിലുള്ളത്. പുതിയ സർവേഫലം അനുസരിച്ച് കേരളത്തിൽ ഒരു ശതമാനത്തിലേറെ കുടുംബങ്ങൾ അതിദാരിദ്ര്യം അനുഭവിക്കുന്നു.
ആശ്രയ ഉൾപ്പെടെയുള്ള സർക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്ത പാർശ്വവല്ക്കരിക്കപ്പെട്ടവരും ശബ്ദരഹിതരുമായ, മുഖ്യധാരയില്‍ ദൃശ്യമല്ലാത്ത, പൊതുസമൂഹത്തില്‍ സ്വാധീന ശക്തിയില്ലാത്ത അതിദരിദ്രരെ മാത്രമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇപ്രകാരം കണ്ടെത്തുന്നവർക്ക് വേണ്ടി വരുമാനം ആർജ്ജിക്കാനുളള പദ്ധതികളും അത് സാധിക്കാത്തവർക്ക് ഇൻകം ട്രാൻസ്ഫര്‍ പദ്ധതികളുമടക്കം സൂക്ഷ്മ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നതാണ് സർക്കാര്‍ തീരുമാനം.
അത് കൊണ്ട് തന്നെ അതിദരിദ്രരെ ദരിദ്രരില്‍ നിന്നും വേർതിരിച്ചു മനസ്സിലാക്കി അനർഹരല്ലാത്തവര്‍ ആരും പട്ടികയില്‍ ഇടം പിടിക്കാതെയും അർഹരായവരെയെല്ലാം ഉൾപ്പെടുത്തിയും അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യണം എന്നതാണ് സർക്കാര്‍ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...