Kerala Heavy Rain : ചാലക്കുടി പുഴയിൽ സ്ഥിതി അതീവ സങ്കീർണം; ഇടുക്കിയിൽ നാളെ അവധി
Kerala Heavy Rain : പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്.
ചാലകുടിയിൽ സ്ഥിതി അതീവ സങ്കീർണമായി മാറി കൊണ്ടിരിക്കുകയാണ്. ചാലക്കുടി പുഴയിൽ അപായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. പുഴക്കരയിൽ താമസിക്കുന്നവർ ഉടൻ മാറി താമസിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് വീണ്ടും പുതുക്കി. എട്ട് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത് . 8 ജില്ലകളിൽ റെഡ് അലർട്ടും 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതെസമയം കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരും എന്നാണ് അറിയിച്ചിരിക്കുന്നത്. മലയോര പ്രദേശത്ത് അതീവ ജാഗ്രത തുടരണമെന്നും അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. അതേസമയം മഴക്കെടുതി രൂക്ഷമായതിനെ തുടർന്നു സംസ്ഥാനത്ത് ഇതുവരെ 5168 പേരെ സുരക്ഷിക കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. 178 ദുരിതാശ്വാസ ക്യാംപുകൾ ഇതിനായി തുറന്നു. മൂന്നു വീടുകൾ കൂടി ആഗസ്റ്റ് 3 ന് പൂർണമായും 72 വീടുകൾ ഭാഗീകമായും തകർന്നു. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്തു പൂർണമായി തകർന്ന വീടുകളുടെ എണ്ണം 30 ആയി. 198 വീടുകൾക്കു ഭാഗീക നാശനഷ്ടവുമുണ്ടായി.തൃശൂരിലാണ് ഏറ്റവും കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിച്ചത്. ഇവിടെ 37 ക്യാംപുകളിലായി 1451 പേരെ മാറ്റി. തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 41 പേർ കഴിയുന്നുണ്ട്. പത്തനംതിട്ടയിൽ 32 ക്യാംപുകളിലായി 645 പേരെയും ആലപ്പുഴയിൽ ഒമ്പതു ക്യാംപുകളിലായി 167 പേരെയും കോട്ടയത്ത് 36 ക്യാംപുകളിലായി 783 പേരെയും മാറ്റിപ്പാർപ്പിച്ചു.
ALSO READ: Kerala Rain Updates: കനത്ത മഴ; സംസ്ഥാനത്ത് 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ഇടുക്കിയിൽ തുറന്ന ഏഴു ദുരിതാശ്വാസ ക്യാംപുകളിലേക്ക് 128 പേരെ മാറ്റിപ്പാർപ്പിച്ചു. എറണാകുളത്ത് 19 ക്യാംപുകളിൽ 687 പേരുണ്ട്. പാലക്കാട് മൂന്നു ക്യാംപുകളിലായി 57 പേരെയും മലപ്പുറത്ത് നാലു ക്യാംപുകളിലായി 58 പേരെയും കോഴിക്കോട് 10 ക്യാംപുകളിലായി 429 പേരെയും വയനാട് 13 ക്യാംപുകളിലായി 572 പേരെയും കണ്ണൂരിൽ നാലു ക്യാംപുകളിലായി 105 പേരെയും കാസർകോഡ് ഒരു ക്യാംപിൽ 45 പേരെയും മാറ്റിപ്പാർപ്പിച്ചു. കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഓരോ വീടുകളാണ് ഇന്നു (03 ഓഗസ്റ്റ്) പൂർണമായി തകർന്നത്. തിരുവനന്തപുരം – 10, കൊല്ലം – 6, പത്തനംതിട്ട – 12, ആലപ്പുഴ – 8, ഇടുക്കി – 2, എറണാകുളം – 7, തൃശൂർ – 13, പാലക്കാട് – 1, മലപ്പുറം – 2, കോഴിക്കോട് – 4, വയനാട് – 6, കാസർകോഡ് – 1 എന്നിങ്ങനെയാണു വിവിധ ജില്ലകളിൽ ഭാഗീകമായി തകർന്ന വീടുകളുടെ എണ്ണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...