കൊച്ചി: എ ഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടികളും പരിശോധിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതി ഉത്തരവ് നൽകുന്നതുവരെയോ മുൻകൂർ അനുമതി നൽകുന്നതുവരെയോ പദ്ധതിയുമായി ബന്ധപ്പെട്ട പണം കരാറുകാർക്ക് നൽകരുതെന്ന്  സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ക്യാമറ ഇടപാടിൽ അഴിമതിയുണ്ടെന്നും ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാത്പ്പര്യ  ഹർജിയിലാണ് ഹൈക്കോടതി നിർദേശം.  


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന സർക്കാർ രണ്ട് ആഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം ഫയൽ ചെയ്യണം. എ ഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.വി.എൻ.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവ‍ർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.  


ALSO READ: സിഐടിയു കൊടികുത്തി; സ്വന്തം ബസിന് മുന്നിൽ ലോട്ടറി കച്ചവടം നടത്തി ഉടമ


എ.ഐ ക്യാമറ ഇടപാടിലെ അഴിമതിക്കെതിരെ താനും വി.ഡി സതീശനും കൊടുത്ത ഹർജിയിൽ ഹൈക്കോടതി നൽകിയ ഉത്തരവ് സ്വാഗതാർഹമാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  


ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം


എ.ഐ ക്യാമറ ഇടപാടിലെ നഗ്നമായ അഴിമതിക്കെതിരെ ഞാനും വി.ഡി സതീശനും കൊടുത്ത ഹർജിയിൽ ബഹു: ഹൈക്കോടതി നൽകിയ ഉത്തരവ് സ്വാഗതാർഹമാണ്. എ ഐ ക്യാമറയുടെ പേരിലുള്ള പിഴ ഈടാക്കൽ  നിർത്തിവെയ്ക്കാനാണ് ഉത്തരവ്. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും പോക്കറ്റിൽ കൈയ്യിട്ടു വരാൻ ഉദ്ദേശിച്ച പിണറായി സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി നൽകിയ സ്റ്റേ ഉത്തരവ്. 


ഞാൻ ആദ്യമായി ഈ ഇടപാടിലെ അഴിമതി പുറത്തുവിട്ടു കഴിഞ്ഞപ്പോൾ നിയമ മന്ത്രി പലവട്ടം വെല്ലുവിളിച്ചു ചോദിച്ചു എന്തേ കോടതിയിൽ പോകത്തത്? സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അഴിമതി നടന്നിട്ടില്ല എന്ന് തറപ്പിച്ചു പറഞ്ഞു, എന്നാൽ ഈ ഇടപാടിൽ അഴിമതി ഞാൻ പുറത്തുവിട്ട ശേഷം ഒരക്ഷരം പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ പ്രതികരണം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പ്രതീക്ഷിക്കുന്നു. കോടതി ഉത്തരവ് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണ്.


ജനങ്ങൾ ഒന്നാകെ പ്രതിഷേധിച്ചിട്ടും ഇടപാടിലെ വൻ അഴിമതിയുടെ തെളിവുകളും രേഖകളും ഞാൻ പല ഘട്ടങ്ങളിൽ നൽകിയിട്ടും മൗനം പാലിച്ച മുഖ്യമന്ത്രിക്ക് ഇനിയെന്താണ് പറയാനുള്ളത്? ഒരു കാരണവശാലും സർക്കാരിനെ അഴിമതി നടത്തി മുന്നോട്ട് പോകാൻ അനുവദിക്കില്ല. വിധി സാധരണ ജനങ്ങളുടെയും പാടത്തും പറമ്പിലും പണിയെടുക്കുന്നവരുടെയും കൂലി വേല ചെയ്തു ജീവിക്കുന്നവരുടെയും വിജയമാണ്.
പിണറായി വിജയൻ സർക്കാരിനെ വെറുതെ വിടുമെന്ന ധാരണ വേണ്ട പോരാട്ടം തുടരും, അഴിമതിക്കെതിരെ ഇനിയും പ്രതികരിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.