ആലപ്പുഴ:കേരളം കൊറോണ വൈറസ് ബാധയെ നേരിടുന്നതിന് സുസജ്ജമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.കൊറോണ ബാധയെ നേരിടുന്നതിനായി കേരളത്തില്‍ ആരോഗ്യവകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മെഡിക്കല്‍ കോളേജുകളിലും ജെനെറല്‍ ആശുപത്രികളിലും  ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജെകരിച്ച് കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു.ആലപ്പുഴജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവിടെ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ ആരോഗ്യ മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.ഡോ. രത്തന്‍ ഖേല്‍ക്കര്‍ ആലപ്പുഴയില്‍ താമസിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മുന്നൊരുക്കങ്ങള്‍ 14 ഭാഗങ്ങളായി തിരിച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കും.ഇതിനായി ഓരോരുത്തരെ ചുമതലപ്പെടുത്തി. എല്ലാദിവസവും വൈകുന്നേരം എല്ലാ വിഭാഗം ആളുകളുടെയും യോഗം ചേരും.പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും.യോഗത്തിന് ശേഷം എല്ലാ ദിവസവും രാത്രി ഏഴ് മണിക്ക് ജില്ലയിലെ സ്ഥിതി മാധ്യമങ്ങളെ അറിയിക്കും.ബുള്ളറ്റിനും ഇറക്കും. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നാല് കേസാണ് ഉള്ളത്. അതില്‍ ഒന്ന് പോസിറ്റീവാണ്.മന്ത്രി വിശദീകരിച്ചു.


ആലപ്പുഴ ജില്ലയില്‍ 120 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ചൈന, നേപ്പാള്‍, ശ്രീലങ്ക തുടങ്ങി കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപെടണം.നമ്പര്‍ കൈവശമില്ലെങ്കില്‍ തൊട്ടടുത്ത ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിക്കണം.ഒരാളും കാര്യങ്ങള്‍ മറച്ചുവയ്കരുത്. ഇന്‍ക്വുബേഷന്‍ പിരീഡ് 28 ദിവസമാണ്.അത്രയും ദിവസം വീടുകളില്‍നിന്ന് പുറത്തേക്ക് പോകരുത്. ഇത്തരം വീടുകളില്‍ സത്കാരമോ ചടങ്ങുകളോ നടത്തരുതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.അതേസമയം കേരളത്തില്‍ രണ്ട് പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തിന് എല്ലാ പിന്തുണയും കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി.കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ കേരളത്തിന് പരിപൂര്‍ണ്ണ പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ട്.