മാധ്യമപ്രവർത്തകർക്ക് നേരെയുള്ള കയ്യേറ്റം; അക്രമത്തെ അപലപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ
ദുരിതമനുഭവിക്കുന്ന മത്സ്യ ത്തൊഴിലാളികളുടെ പ്രശ്നങ്ങളാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്
വിഴിഞ്ഞം സമരം റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർക്ക് നേരെ മത്സ്യത്തൊഴിലാളികൾ ആക്രമണം അഴിച്ചുവിട്ടതിൽ പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂണിയൻ. സമരക്കാരുടെ ആവശ്യങ്ങൾ ജനങ്ങളിലും ഭരണാധികാരികളിലും എത്തിക്കുന്നത് മാധ്യമങ്ങളാണ്. ദുരിതമനുഭവിക്കുന്ന മത്സ്യ ത്തൊഴിലാളികളുടെ പ്രശ്നങ്ങളാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിനെ അടിച്ചമർത്തുന്ന രീതിയിലുള്ള പ്രതിഷേധം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ദുരിതമനുഭവിക്കുന്ന മത്സ്യ ത്തൊഴിലാളികളുടെ പ്രശ്നങ്ങളാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഇന്ന് കരയിലും കടലിലും സമരം റിപ്പോർട്ട് ചെയ്തു മടങ്ങി വരുന്ന വഴിയാണ് മാധ്യമ സംഘത്തെ ഒരു വിഭാഗം പുരോഹിതന്മാരുടെ നേതൃത്വത്തിൽ ആക്രമിക്കാൻ തുനിഞ്ഞത്. സംഘർഷ ദൃശ്യങ്ങൾ ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം. അക്രമത്തെ അപലപിക്കുന്നതായും യാതൊരു കാരണവശാലും ഇത്തരത്തിലുള്ള മോശം ഇടപെടലുകളെ അംഗീകരിക്കാൻ കഴിയില്ലെന്നും പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി.
മീഡിയ വൺ, ഏഷ്യാനെറ്റ് ചാനലുകളുടെ ക്യാമറകൾ തകർത്തു. കൈരളി, ഏഷ്യാനെറ്റ്, മീഡിയ വൺ, ജനം, റിപ്പബ്ലിക് ടി വി ചാനലുകളുടെ റിപ്പോർട്ടർമാരെയും ക്യാമറമാന്മാരെയും കയ്യേറ്റം ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു. 24 ന്യൂസിന്റെ ഡ്രൈവർക്ക് കല്ലേറിൽ തലയ്ക്കു പരിക്കേറ്റു. വൈദികർ അടക്കമുള്ളവർ വനിത മാധ്യമ പ്രവർത്തകരോട് അറപ്പുളവാക്കുന്ന ഭാഷയിലാണ് സംസാരിച്ചത്. ഇത്തരം അക്രമങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.- കെയുഡബ്യൂജെ പറഞ്ഞു.
മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തിരിഞ്ഞതോടെ മുഴുവൻ മാധ്യമപ്രവർത്തകരും വാർത്ത റിപ്പോർട്ട് ചെയ്യുന്നത് അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങി. ഏറെനേരം നീണ്ടു നിന്ന സംഘർഷത്തിന് കൂടുതൽ പൊലീസ് എത്തിയതോടെയാണ് അയവുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...