കോഴിക്കോട്​: നഗരത്തിലെ വ്യാപാര കേന്ദ്രമായ  മിഠായിത്തെരുവിൽ വൻ തീപിടിത്തം. രാധാ തിയേറ്ററിനു സമീപത്തെ മോഡേൻ ഹാൻഡ്​ലൂം ആൻറ്​ ടെക്​സ്​റ്റൈൽസ്​ എന്ന തുണിക്കടക്കാണ്​ ആദ്യം തീപിടിച്ചത്​. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മോഡേൻ ഹാൻഡ്​ലൂം ആൻറ്​ ടെക്​സ്​റ്റൈൽസ്​ പൂർണമായും കത്തി നശിച്ചു. തീ തൊട്ടടുത്ത കടകടിലേക്കും പടർന്നിരിക്കുകയാണ്​. നാട്ടുകാരും  അഗ്​നിശമന യൂണിറ്റുകളും തീയണക്കാനുള്ള ശ്രമത്തിലാണ്​. ആറു യൂണിറ്റ്​ ഫയർഫോഴ്​സ്​ എത്തി  രക്ഷാപ്രവർത്തനം തുടരുന്നു.അഞ്ചോളം കടകള്‍ക്ക് തീപിടിച്ചിട്ടുണ്ടെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം.


രാവിലെ 11.30ഓടെയാണ്​ തീപിടിത്തമുണ്ടായത്​. ഷോർട്ട്​ സർക്യൂട്ടാവാം​ അപകട കാരണ​മെന്നാണ്​ പ്രാഥമിക നിഗമനം. പകൽ സമയമായതിനാൽ ജനത്തിരക്കേറെയായിരുന്നു. കടയിലും ആളുകളെത്തിയിരുന്നു. തീപിടിത്തമുണ്ടായ ഉടനെ ആളുകളെ ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റതായി അറിവില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫയർ ഫോഴ്സ് യൂനിറ്റുകൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.


കോഴിക്കോട് നഗരപരിധിയിലെ മുഴുവന്‍ ഫയര്‍ഫോഴ്‌സുകളോടും സംഭവസ്ഥലത്തെത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  കലക്ടര്‍ യു.വി ജോസും എം.കെ രാഘവന്‍ എം.പിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാന്‍ ഫയര്‍ഫോഴ്‌സിന് സാധിച്ചിട്ടില്ല.  കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കുന്നത്.


ഗുജറാത്ത് സ്വദേശി പങ്കജ്​ ബുലാനി എന്നയാളുടെ ഉടമസ്​ഥതയിലുള്ളതാണ്​ മോഡേൻ ഹാൻഡ്​ലൂം. 53 വർഷമായി ഇവിടെ പ്രവർത്തിക്കുന്ന കടയാണിത്​. കോടിക്കണക്കിന് രൂപയുടെ തുണിത്തരങ്ങളും ചെരുപ്പുകളും കത്തിനശിച്ചിട്ടുണ്ട്.