കൊവിഡ് കേസുകളിൽ വൻ വർധന; 50 ലക്ഷം വാക്സിൻ ഉടൻ വേണം, ഓക്സിജൻ ക്ഷാമം ഉണ്ടാകുമെന്ന് ആശങ്കയെന്നും മന്ത്രി കെകെ ശൈലജ
ഇപ്പോഴത്ത വ്യാപനവും നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ. വലിയ തോതിൽ കേസ് വർധിച്ചാൽ ഓക്സിജൻ വേണ്ടി വരും. മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്ന പരിഗണന കേരളത്തിനും നൽകണമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: കേരളത്തിലും രാജ്യം മുഴുവനും കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തിലെ കൊവിഡ് (Covid) കേസുകളുടെ വർധനവിനെ സംബന്ധിച്ച് കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങൾ (Restrictions) ഏർപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന് കൂടുതൽ കൊവിഡ് വാക്സിൻ ആവശ്യമാണ്. വാക്സിനേഷൻ വർധിപ്പിക്കണം. കേന്ദ്ര സർക്കാരിൽ നിന്ന് 60,84,360 ഡോസ് വാക്സിനാണ് ലഭിച്ചത്. കിട്ടിയതിൽ 56,75,138 വാക്സിൻ വിതരണം ചെയ്തു. വാക്സിനേഷനിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നല്ല പ്രകടനം നടത്തിയത് കേരളമാണ്. സീറോ വേസ്റ്റേജ് ആണ്. കേന്ദ്ര ആരോഗ്യ സെക്രട്ടറി കേരളത്തെ അഭിനന്ദിച്ചിരുന്നു. സംസ്ഥാനത്തിന്റെ പക്കൽ 5,80,880 വാക്സിനാണ് ഉള്ളത്. ഇക്കാര്യം കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കെകെ ശൈലജ വ്യക്തമാക്കി.
50 ലക്ഷം കൊവിഡ് വാക്സിൻ വേണം. എങ്കിലെ മാസ് വാക്സിനേഷൻ ക്യാമ്പെയ്ൻ (Mass Vaccination Campaign) വിജയിപ്പിക്കാനാകൂ. 45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകണമെങ്കിൽ ഇത് ആവശ്യമാണ്. കൊവിഷീൽഡ്, കൊവാക്സിൻ എന്നിവ കൃത്യമായി നൽകണം. ഇപ്പോൾ കേരളത്തിൽ ഓക്സിജൻ കുറവില്ല. എന്നാൽ വലിയ തോതിൽ കേസ് വർധിക്കുകയാണെങ്കിൽ ഓക്സിജൻ വേണ്ടിവരും. നല്ല കൃത്യതയോടെ ചെയ്തത് കൊണ്ടാണ് ഇതുവരെ ഓക്സിജൻ കുറവ് നേരിടാതിരുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്ന പരിഗണന കേരളത്തിനും നൽകണം. മരുന്ന് ക്ഷാമം ഇല്ലാതിരിക്കാൻ കേന്ദ്ര സർക്കാർ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ വ്യാപനവും നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ. ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ ഇപ്പോഴത്തെ വർധനവ് താഴേക്ക് കൊണ്ടുവരാനാകും. കേരളത്തിൽ മരണ നിരക്ക് (Death Rate) 0.4 ശതമാനമാണ്. ഇത് താഴേക്ക് കൊണ്ടുവരണം. മറ്റ് സംസ്ഥാനങ്ങളിൽ മരണ നിരക്ക് വലിയ തോതിൽ ഉയർന്നിട്ടുണ്ട്. കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ അവസരത്തിലാണ് തൃശൂർ പൂരത്തിന് അനുമതി നൽകിയത്. എങ്കിലും നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം പ്രവേശനം നൽകിയാൽ മതിയെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. പൂരം ഒഴിവാക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ കൊവിഡ് കേസ് വർധിക്കുമെന്ന പ്രതീതിയോടെ കാര്യങ്ങൾ സജ്ജീകരിച്ചിരുന്നു. വീട്ടിൽ പ്രത്യേകം ശുചിമുറി ഇല്ലാത്തവരെ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുക്കി പാർപ്പിക്കണം. കേന്ദ്ര സർക്കാർ വാക്സിൻ നൽകിയില്ലെങ്കിൽ വാക്സിനേഷൻ ക്യാമ്പെയ്ൻ മുടങ്ങുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം ഇന്ത്യയിൽ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് 2,34,692 പേർക്കാണ്. തുടർച്ചയായ മൂനാം ദിവസമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്. 24 മണിക്കൂറിനിടെ 1,341 പേർ കോവിഡ് ബാധിച്ച് മരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.