തിരുവനന്തപുരം: ഡിജിപിയ്ക്ക് കുരുക്ക് മുറുകുന്നു. സംസ്ഥാന പൊലീസ് സേന ബുള്ളറ്റ് പ്രൂഫ് കാറുകൾ ടെണ്ടർ വിളിക്കാതെ വാങ്ങിയത് ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്നാണെന്ന് വ്യക്തമാക്കുന്ന ഉത്തരവ് പുറത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുരുതരമായ ക്രമക്കേടെന്ന് സിഎജി കണ്ടെത്തിയ ഉത്തരവിന് ആധാരമായ തെളിവാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. 


കഴിഞ്ഞ വർഷം മെയ് ഒന്നിനാണ് കാറുകൾ വാങ്ങാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.  ഇതിന്‍റെ അടിസ്ഥാനത്തില്‍ ടെൻഡർ വിളിക്കാതെ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സുമായി ഡിജിപി കരാറിലേർപ്പെടുകയായിരുന്നു. 


ഇതിന് എത്ര തുകയാണ് വേണ്ടതെന്നും മുൻകൂറായി 30 ശതമാനം കമ്പനിക്ക് നൽകണമെന്നുമുള്ള കാര്യങ്ങൾ ഡിജിപി ഉത്തരവില്‍  വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഓപ്പണ്‍ ടെണ്ടര്‍ വിളിക്കുമ്പോള്‍ കാലതാമസം നേരിടും, സുരക്ഷയെ ബാധിക്കും എന്നീ കാരണങ്ങള്‍ ഡിജിപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 


ഡിജിപി അയച്ച കത്തില്‍ യാതൊരു തുടര്‍ പരിശോധനയും ഇല്ലാതെ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  ഇതോടെ ഈ ചട്ടലംഘനത്തിന് സര്‍ക്കാരും ഒത്താശ ചെയ്തെന്ന്‍ വ്യക്തമാകുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.