കണ്ണൂർ : അക്രമികളിൽ നിന്ന് രക്ഷനേടാൻ സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷാമാർഗങ്ങൾ പകർന്നു നൽകി കേരള പൊലീസ്. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടിയോടനുബന്ധിച്ച് കണ്ണൂരിൽ നടക്കുന്ന പൊലീസിന്റെ സ്റ്റാളിലെ പ്രദർശനങ്ങളാണ് ശ്രദ്ധേയമാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആയുധം ഉപയോഗിക്കാതെ നിമിഷങ്ങൾക്കകം അക്രമിയെ പിന്തിരിപ്പിക്കാനുള്ള മാർഗ്ഗങ്ങളാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥരായ മാസ്റ്റർ ട്രെയിനർമാർ പകർന്നു നൽകുന്നത്. നിരത്തുകളിലും വാഹനങ്ങളിലും സഞ്ചരിക്കുന്ന സ്ത്രീകൾ നേരിടാൻ ഇടയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള മാർഗ്ഗങ്ങൾ, ശാരീരികാക്രമണത്തിനു മുതിരുന്നവരെ കീഴ്പ്പെടുത്തുന്ന വിധം എന്നിവ കാണികൾക്ക് ഏറെ ഗുണകരമാണ്. 


ഇത് കൂടാതെ, മാലയും ബാഗും പിടിച്ചുപറിച്ച് ഓടുന്നവരെ കീഴ്പ്പെടുത്തുന്നതും ആക്രമിയെ ചലിക്കാൻ അനുവദിക്കാതെ തളയ്ക്കുന്നതും പ്രദർശനത്തിൽ നേരിട്ടുകാണാനാകും. കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിൽ നിന്നുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ക്ലാസുകൾ നയിക്കുന്നത്.


കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നൂറുകണക്കിന് പേരാണ് പൊലീസ് സ്റ്റാളിനു സമീപത്തെ താത്കാലിക കേന്ദ്രത്തിലെത്തി പരിശീലനമുറകൾ മനസിലാക്കുന്നത്. സന്ദർശകർക്ക് കളത്തിലിറങ്ങി വനിതാ മാസ്റ്റർ ട്രെയിനർമാരിൽനിന്ന് നേരിട്ട് കാര്യങ്ങൾ മനസിലാക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.


2015 ൽ സംസ്ഥാനത്ത് ആരംഭിച്ച വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി  ലക്ഷക്കണക്കിന് കുട്ടികൾക്കും സ്ത്രീകൾക്കും പ്രയോജനപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലകളിലും നാല് വനിതാ പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിശീലനത്തിന്റെ ചുമതല. പരിശീലനം പൂർണ്ണമായും സൗജന്യമാണ്. 


വിദ്യാലയങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, മറ്റ് കൂട്ടായ്മകൾ എന്നിവിടങ്ങളിലെ വനിതകൾക്ക് അതാത് സ്ഥലത്തെത്തി പരിശീലനം നൽകും. nodalofficer.wsdt.phq@gmail.com എന്നതാണ് ഇ - മെയിൽ വിലാസം. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പരിശീലന പരിപാടി സംസ്ഥാനവ്യാപകമായി ഏകോപിപ്പിക്കുന്നത് സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാറും സംഘവുമാണ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.