വാവിട്ട വാക്ക്, കൈവിട്ട ആയുധം രണ്ടും തിരിച്ചെടുക്കാന്‍ പറ്റില്ലെന്ന് ആറാം തമ്പുരാനിലെ മോഹന്‍ലാല്‍ കഥാപാത്രം ഓര്‍മ്മിപ്പിക്കുന്ന പോലെയാണ് കേരളത്തിലെ പല രാഷ്ട്രീയ നേതാക്കള്‍ക്കും കിട്ടിയിരിക്കുന്ന പണി. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി.. വര്‍ഗീസിനുണ്ടായ നാവുപിഴ. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളമാകെ ചര്‍ച്ച ചെയ്യുന്നത്. നികൃഷ്ട ജീവിയെ കൊല്ലാൻ താൽപര്യമില്ലെന്നും കെ സുധാകരന്റെ ജീവിതം സിപിഎം ഭിക്ഷയെന്നുമാണ് വര്‍ഗീസ് പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള രാഷ്ട്രീയത്തില്‍ നാവുപിഴ പുത്തരിയല്ല. വാവിട്ട വാക്കുണ്ടാക്കിയ വിവാദങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തെ പോലും സ്വാധീനിച്ചിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാം. അത്തരം ചില ഓര്‍മ്മപ്പെടുത്തലുകളാണ് ഇനി.


ഇതിൽ ഏറ്റവുമധികം പണികിട്ടിയ ഒരാള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം.മണിയായിരിക്കും. അദ്ദേഹം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ് വണ്‍ ടു ത്രീ പരാമര്‍ശം നടത്തിയത്. ആളുകളെ കൊന്നു തള്ളുന്നതിന്റെ കണക്കുപറഞ്ഞ മണിക്ക്  കുറച്ചു നാളത്തേക്കാണെങ്കിലും ജയിലില്‍ കിടക്കേണ്ടി വന്നുവെന്നുമാത്രം. 


പൊമ്പിളൈ ഒരുമൈ കൂട്ടായ്മക്കെതിരെ എം.എം.മണി നടത്തിയ സ്ത്രീവിരുദ്ധപരാമര്‍ശവും കുപ്രസിദ്ധമാണ്. ഇതിന്റെ പേരില്‍ അദ്ദേഹത്തെ പാര്‍ട്ടി ശാസിച്ചിരുന്നു. തിരഞ്ഞെടുപ്പുകാലമാണ് നാക്കുപിഴകളുടെ വസന്തകാലം. ആലത്തൂര്‍ സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശം ഉണ്ടാക്കിയ കോലാഹലങ്ങള്‍ ചെറുതായിരുന്നില്ല. സിറ്റിംഗ് എം.പി പി.കെ.ബിജുവിനെ ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് രമ്യ മലര്‍ത്തിയടിച്ചപ്പോള്‍, വിജയരാഘവന്റെ നാക്കുപിഴയെ പഴിക്കുകയായിരുന്നു ഇടതുപ്രവര്‍ത്തകര്‍. തിരഞ്ഞെടുപ്പ് കാലത്ത് ജി സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ നടത്തിയ പൂതന പ്രയോഗവും വിവാദമായി. 


മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുന്നതിന്റെ പേരില്‍ നിരന്തരം വിമര്‍ശനം ഏറ്റുവാങ്ങുന്നയാളാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ചെത്തുകാരന്റെ മകനെന്ന പരിഹാസം പലവട്ടം അദ്ദേഹത്തിന്റെ നാവില്‍ നിന്നു വന്നു. നിപ്പാ രാജകുമാരിയെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ അധിക്ഷേപിച്ചത് മുന്‍ കെ.പി.സിസി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. 


തിരഞ്ഞെടുപ്പ് കാലത്ത് എതിര്‍ സ്ഥാനാര്‍ഥികള്‍ക്കെതിരെ വി.എസ്.അച്യുതാനന്ദന്‍ നടത്തിയ നിരവധി പരാമര്‍ശങ്ങളാണ് വിവാദമായിട്ടുള്ളത്. പിണറായി വിജയന്റെ പരനാറി പ്രയോഗവും നികൃഷ്ട ജീവി വിളിയുമൊക്കെ ഉണ്ടാക്കിയ കോലാഹലങ്ങള്‍ ചില്ലറയല്ല. വയലില്‍ പണി തന്നാല്‍ വരമ്പത്തു തന്നെ കൂലിയെന്ന കോടിയേരിയുടെ വാക്കുകളും വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു. 


സമൂഹമാധ്യമങ്ങള്‍ സജീവമായ ഇക്കാലത്ത് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് ഈ വിവാദങ്ങള്‍. രാഷ്ട്രീയമായി ശരിയല്ലാത്ത ഓരോ വാക്കുകള്‍ക്കും വലിയ വിലയായിരിക്കും നല്‍കേണ്ടി വരിക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.