തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ഹർത്താലിനോട് അനുബന്ധിച്ച് കെഎസ്ആർടിസി ബസ്സുകൾക്ക് നാശ നഷ്ടം വരുത്തിയവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. പൊതുജനങ്ങൾക്ക് യാത്രാസൗകര്യം നഷ്ടപ്പെടാതിരിക്കാൻ കെഎസ്ആർടിസി സർവീസ് നടത്തിയെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗത്ത് വെച്ചും ബസ്സുകൾക്ക് നേരെ  കല്ലേറും അക്രമവും ഉണ്ടായിട്ടുണ്ട്. ഇന്നത്തെ ഹർത്താലിനോട് അനുബന്ധിച്ച് പോലീസ് സഹായത്തോടെ പരമാവധി സര്‍വീസുകള്‍ നടത്താനാണ് നിർദേശം നൽകിയിരുന്നത്. എന്ത് കാരണത്തിന്റെ പേരിലായാലും  പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമപ്രകാരമുള്ള നിയമ നടപടികളിലൂടെ ബന്ധപ്പെട്ടവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് ഇന്ന് നടന്ന ഹര്‍ത്താലിന്റെ ഭാഗമായി കെഎസ്‌ആര്‍ടിസിയുടെ നിരവധി ബസ്സുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. വിലപിടിപ്പുള്ള ഫ്രണ്ട് ഗ്ലാസ് ഉൾപ്പെടെയുള്ളവ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പലയിടത്തും ബസ് ഡ്രൈവര്‍മാര്‍ക്കും യാത്രകാര്‍ക്കും പരിക്കു പറ്റിയിട്ടുണ്ട്. പല ഡിപ്പോകളില്‍ നിന്നും പുറപ്പെടുന്ന ബസുകളുടെ എണ്ണം ഇത്തരം അക്രമം കാരണം കുറക്കേണ്ടി വന്നിട്ടുണ്ട്.  പോലീസിന്റെ സഹായത്തോടെയാണ് പലയിടത്തും കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തിയത്. ഇന്നത്തെ ഹർത്താലിനോട് അനുബന്ധിച്ച് ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യക്തമായ കണക്ക് എടുക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാവിയിൽ  ഇത്തരം സന്ദർഭങ്ങളിൽ കെഎസ്ആർടിസിക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കത്തക്കരീതിയിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 


ALSO READ : Kerala Harthal : മിന്നൽ ഹർത്താൽ നിയമവിരുദ്ധം, ആഹ്വാനം ചെയ്തവർക്കെതിരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നവ‍ര്‍ക്കെതിരെയും നടപടിയെടുക്കണം; ഹൈക്കോടതി


ദേശീയ സംസ്ഥാന നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഹർത്താലിൽ സംഘടിപ്പിച്ചത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയായിരുന്നു ഹർത്താൽ. രാവിലെ മുതൽ കെഎസ്ആർടിസി ബസുകൾ സർവീസുകൾ നടത്തിയിരുന്നു. എന്നാൽ, ആദ്യത്തെ ഒരു മണിക്കൂറിൽ സമാധാനപരമായിരുന്ന അന്തരീക്ഷം പിന്നീട് അക്ഷരാർത്ഥത്തിൽ മാറി മറിയുകയായിരുന്നു. പിന്നിടങ്ങോട്ട് കെഎസ്ആർടിസി സർവീസുകൾക്ക് നേരെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ പാഞ്ഞടുക്കുകയായിരുന്നു. എല്ലാ ജില്ലകളിലും കെഎസ്ആർടിസി ബസുകൾ അക്രമിക്കപ്പെട്ടു. പലയിടത്തും ബസ്സുകളുടെ ചില്ലുകൾ തകർക്കപ്പെട്ടപ്പോൾ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും അക്രമങ്ങളിൽ പരിക്കുപറ്റി. ചിലയിടങ്ങളിൽ യാത്രക്കാരെയും സമരാനുകൂലികൾ വെറുതെ വിട്ടില്ല.


പിന്നീട്, പോലീസ് അകമ്പടിയോടെയായി കെഎസ്ആർടിസി സർവീസുകൾ. രാവിലെ പതിവുപോലെ നടത്തിയിരുന്ന സർവീസുകൾ അക്രമ പരമ്പരകൾ തുടർന്നതോടെ വെട്ടിക്കുറയ്ക്കുകയായിരുന്നു. എന്നാൽ, പത്തുമണിയോടെ ഗതാഗതമന്ത്രി പ്രതികരിച്ചത് സർവീസുകൾ പൂർണ്ണമായും നിർത്തില്ലെന്നായിരുന്നു. നഗര-ഗ്രാമീണ മേഖലകളിലുൾപ്പടെ ബസ്സുകൾ ആക്രമിക്കപ്പെട്ടെങ്കിലും പൊലീസിന് കയ്യും കെട്ടി കാഴ്ചക്കാരായി നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ. പോലീസ് നിഷ്ക്രിയരായെന്ന ആക്ഷേപം വന്നതോടെ പലയിടങ്ങളിലും ഉന്നത ഉദ്യോഗസ്ഥർക്ക് നേരിട്ട് രംഗത്തിറങ്ങേണ്ടി വന്നു.


ALSO READ : Kerala Harthal : വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്!!! നാളെ വീട്ടിൽ ഇരിക്കരുത്; എല്ലാവർക്കും ക്ലാസുണ്ട്


തിരുവനന്തപുരത്ത് അട്ടക്കുളങ്ങര, കരമന, കിള്ളിപ്പാലം, കമലേശ്വരം, വെഞ്ഞാറമൂട്, ബാലരാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ തകർക്കപ്പെട്ടു. കാട്ടാക്കടയിൽ രാവിലെ ബസ് എടുക്കാനായി വന്ന കണ്ടക്ടറെയും ഡ്രൈവറെയും സമരാനുകൂലികൾ തടഞ്ഞു. യാത്രക്കാരുടെ പ്രതിഷേധം കടുത്തതോടെ കൂടുതൽ പൊലീസെത്തി. തുടർന്ന്, പൊലീസ് അകമ്പടിയോടെ സർവീസുകൾ തുടങ്ങുകയായിരുന്നു. തമിഴ്നാട് ട്രാൻസ്പ്പോർട്ട് ബസ്സുകൾക്ക് നേരെയും കല്ലേറുണ്ടായി. ഇതോടെ തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്കുള്ള സർവീസുകൾ നിർത്തിവച്ചു. പോത്തൻകോട് വ്യാപാര സ്ഥാപനത്തിലുണ്ടായിരുന്ന 15 ഓളം പഴക്കുലകൾ അക്രമികൾ വലിച്ചെറിഞ്ഞു. ഗ്രാമീണമേഖലകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. നിരവധി സ്വകാര്യ വാഹനങ്ങളും ഡ്രൈവർമാരും ആക്രമിക്കപ്പെട്ടു. പൊലീസ് നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.


എറണാകുളം കൂത്താട്ടുകുളത്ത് കെഎസ്ആർടിസി സർവീസുകൾക്ക് നേരെ കല്ലേറുണ്ടായി. അതേസമയം, വ്യാപക ആക്രമണങ്ങൾ തുടർന്നുവെങ്കിലും എല്ലാം നിയന്ത്രണ വിധേയമെന്ന് പറയുകയാണ് സംസ്ഥാന പൊലീസ് മേധാവി. ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയെടുക്കാൻ ഡിജിപി കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകിയെങ്കിലും പലയിടത്തും വാഹനങ്ങൾ ഉൾപ്പടെ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായിട്ടും എല്ലാം നിയന്ത്രണ വിധേയമാണെന്നാണ് ഡിജിപി വിശദീകരിക്കുന്നത്. വരും ദിവസങ്ങളിൽ പ്രശ്നങ്ങളുണ്ടായാൽ അധികം സേനയെ വിന്യസിക്കുമെന്ന് വ്യക്തമാക്കിയ ഡിജിപി തുടർന്നുള്ള ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്നും ചൂണ്ടിക്കാട്ടി.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.