Kerala Rain Update: കൂടുതൽ ഡാമുകൾ തുറക്കും; മുൻകരുതൽ നടപടികൾ സ്വീകരിച്ചുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കെ രാജൻ
Kerala Rain Update: സംസ്ഥാനത്ത് ഡാമുകൾ തുറന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഡാമുകൾ തുറക്കാൻ സാധ്യത. സംസ്ഥാനത്ത് ഡാമുകൾ തുറന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി അണക്കെട്ടിൽ നിന്നും ഇനിയും കൂടുതൽ വെള്ളം തുറന്നു വിടാനാണ് തീരുമാനം. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കൂടുതൽ വെള്ളം തുറന്നു വിട്ടിട്ടും ജലനിരപ്പ് ഉയരുകയാണ്. 138.75 അടിയാണ് ഇപ്പോഴത്തെ ജല നിരപ്പ്. കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളമെത്താനുള്ള സാധ്യതയും കൂടി പരിഗണിച്ചാണ് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സെക്കന്‍റില്‍ രണ്ടു ലക്ഷം ലിറ്റര്‍ വെള്ളം വരെ തുറന്നു വിടാനാണ് റൂള്‍ കര്‍വ് കമ്മറ്റി അംഗീകാരം നൽകിയിരിക്കുന്നത്. നിലവിൽ മൂന്നു ഷട്ടറുകളിലൂടെ സെക്കൻറിൽ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നു വിട്ടത്. ഇനി ഈ ഷട്ടറുകൾ കൂടുതൽ ഉയർത്തിയായിരിക്കും അധിക ജലം തുറന്നു വിടുക.
ALSO READ: Dam open: ബാണാസുര സാഗർ അണക്കെട്ട് തുറുന്നു; കൂടുതൽ ഷട്ടറുകൾ ഉയർത്താൻ സാധ്യത
ബാണാസുര സാഗർ അണക്കെട്ടും തുറന്നു. അണക്കെട്ടിന്റെ ഒരു ഷട്ടർ മാത്രമാണ് തുറന്നത്. 10 സെന്റിമീറ്ററാണ് ഷട്ടർ ഉയർത്തിയത്. സെക്കൻഡിൽ 8.50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് ഉയർന്നതോടെയാണ് അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയത്. ആവശ്യമെങ്കിൽ 35 ഘനയടി വെള്ളം തുറന്നുവിടാനും അനുമതിയുണ്ട്. അണക്കെട്ട് തുറന്ന സാഹചര്യത്തിൽ സമീപപ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നുമുണ്ട്. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ ആഗസ്റ്റ് 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...