Kerala Rain: സംസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം; നാല് മരണം, തൃശൂരിൽ മിന്നൽ ചുഴി
Kerala Rain updates: സംസ്ഥാനത്താകമാനം കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ. നാല് പേർ മരിച്ചു. കോഴിക്കോട് രണ്ട് പേരും വയനാട്, കാസർകോട് എന്നീ ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്. കാസർകോഡ് മഞ്ചേശ്വരത്ത് തെങ്ങ് വീണ് എട്ടാം ക്ലാസ് വിദ്യാർഥി ഷാൻ ആരോൺ ക്രാസ്ത (12) ആണ് മരിച്ചത്. കോഴിക്കോട് എടച്ചേരി ആലിശേരി സ്വദേശി അഭിലാഷ് (40) എടച്ചേരി ആലിശേരിയിൽ പായൽ നിറഞ്ഞ കുളത്തിൽ വീണ് മരിച്ചു. ചെറുവണ്ണൂരിൽ വിദ്യാർഥിയായ മുഹമ്മദ് മിർഷാദ് (13) മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണാണ് വയനാട്ടിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്താകമാനം കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്.
കണ്ണൂർ ചെറുപുഴ കാനംവയലിൽ ഉരുൾപൊട്ടലുണ്ടായി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർഫോഴ്സിൻ്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും കാലവർഷം ശക്തിപ്രാപിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. മലപ്പുറം ജില്ലയിലും മഴക്കെടുതിയെ തുടർന്ന് നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
ALSO READ: Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്
തൃശ്ശൂരിൽ മിന്നൽ ചുഴലി ഉണ്ടായി. ചാവക്കാട് തിരുവത്ര മേഖലയിലാണ് മിന്നൽ ചുഴലിയുണ്ടായത്. പുത്തൻ കടപ്പുറം എസി പടിയിലെ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടം ഉണ്ടായി. പ്രദേശത്തെ അഞ്ചോളം വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. കൊടുങ്ങല്ലൂർ മേഖലയിൽ കടലേറ്റവും രൂക്ഷമായി തുടരുകയാണ്. മഴ ശക്തമായ സാഹചര്യത്തിൽ അട്ടപ്പാടി ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ടോറസ്, ടിപ്പർ, ഗുഡ്സ് തുടങ്ങിയ ചരക്ക് വാഹനങ്ങൾ എന്നിവയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച വരെയാണ് നിയന്ത്രണം. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയും മണ്ണിടിച്ചിലും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...