മഴയുടെ രൂക്ഷത കുറയുന്നു; എല്ലാ ജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു
ആലുവ, കാലടി, പറവൂര്‍ മേഖലകളില്‍ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: രൂക്ഷമായ പ്രളയക്കെടുതിയില്‍ നിന്നും സംസ്ഥാനം കരകയറുന്നു. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും മഴ കുറഞ്ഞു.
എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. ഒഡീഷ-ബംഗാള്‍ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും ഇതുവരെ ശക്തി പ്രാപിക്കാത്തതിനാല്‍ മഴയുടെ രൂക്ഷത കുറയുമെന്നാണ് കരുതുന്നത്.
അതേസമയം പ്രളയബാധിത ജില്ലകളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കും. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ തിരുവല്ലയില്‍ 15 ബോട്ടുകള്‍ കൂടെ എത്തിക്കും. ഇന്ന് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തിരുവല്ലയിലും ചെങ്ങന്നൂരുമാണ്.
ആലുവ ടൗണില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. പെരിയാറില്‍ ജലനിരപ്പ് അഞ്ചടിയോളം താഴ്ന്നു. എറണാകുളം-തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.
ആലുവ, കാലടി, പറവൂര്‍ മേഖലകളില്‍ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.
എറണാകുളത്ത് നിന്നും പറവൂര്‍, വടക്കേക്കര വഴി കൊടുങ്ങല്ലൂര്‍ ഭാഗത്തേയ്ക്കും കളമശേരി വഴി ദേശീയ പാതയിലൂടെ ആലുവയിലേയ്ക്കും ഭാരവാഹനങ്ങള്‍ക്ക് കടന്നു പോകാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഈ വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
വടക്കന്‍ ജില്ലകളില്‍ നിന്നെത്തി എറണാകുളം ഭാഗത്തു കുടുങ്ങിക്കിടക്കുന്നവര്‍ നിരവധിയാണ്. കെഎസ്ആര്‍ടിസി സര്‍വീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ മറ്റുഭാഗങ്ങളിലേയ്ക്കുള്ള ബസ് തടഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. കോട്ടയം ഭാഗത്തേയ്ക്കുള്ള ട്രെയിന്‍ ഗതാഗതം ഇന്ന് പുനഃസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
കുട്ടനാട്ടില്‍ നിന്ന് ജനങ്ങളെ പൂര്ന്നംയും ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. നെല്ലിയാമ്പതിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കുന്നതിന് ഹെലികോപ്റ്റര്‍ പുറപ്പെട്ടിട്ടുണ്ട്.